കരിനിഴൽ കനക്കുന്നതിനിടെ കാമറ തുറക്കാനൊരുങ്ങി സർക്കാർ
text_fieldsതിരുവനന്തപുരം: വിവാദങ്ങളുടെ കരിനിഴൽ കനക്കുമ്പോഴും കുരുക്കഴിച്ച് എ.ഐ കാമറകൾ പ്രവർത്തിപ്പിക്കാൻ സർക്കാർ. നേരത്തേ നിശ്ചയിച്ചത് പ്രകാരം ഈ മാസം 20 മുതൽ കാമറകൾ വഴി പിഴയീടാക്കിത്തുടങ്ങാനാണ് മോട്ടോർ വാഹനവകുപ്പിന്റെ ആലോചനയെങ്കിലും മുന്നിലുള്ളത് നിരവധി പ്രതിബന്ധങ്ങളാണ്.
പിഴയില്ലാതെയുള്ള മുന്നറിയിപ്പ് നോട്ടീസിന്റെ തപാൽ ചെലവ് ആര് വഹിക്കുമെന്ന കെൽട്രോണുമായുള്ള തർക്കം കഴിഞ്ഞദിവസമാണ് പരിഹരിച്ചത്. തപാൽ ചെലവ് കെൽട്രോൺതന്നെ വഹിക്കുമെന്നാണ് ധാരണ. ഇതുസംബന്ധിച്ച കരാറും ഉടനുണ്ടാകും. ശക്തമായ ആരോപണങ്ങളും തെളിവുകളും ക്രമക്കേട് അടിവരയിടുന്ന രേഖകളുമെല്ലാം പുറത്തുവന്ന സാഹചര്യത്തിൽ ഇതിനൊന്നും മറുപടി പറയാതെയും വ്യക്തത വരുത്താതെയും പിഴയീടാക്കലിലേക്ക് കടക്കാൻ സർക്കാറിന് സാധിക്കില്ല. പൊതുസമൂഹത്തില്‍നിന്ന് ശക്തമായ എതിര്‍പ്പിനും സാധ്യതയുണ്ട്. വ്യവസായ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം കരാറുകളിലും സാങ്കേതിക കാര്യങ്ങളിലും അഭിപ്രായം പറയാമെന്നാണ് വ്യവസായ മന്ത്രിയുടെ നിലപാട്. മോട്ടോര്‍വാഹന വകുപ്പ്, കെല്‍ട്രോണ്‍, വിവിധ കമ്പനികളുമായുള്ള ഉപകരാറുകള്‍ എന്നിവയെല്ലാം വ്യവസായ സെക്രട്ടറി പരിശോധിക്കുന്നുണ്ട്. പരിശോധന എന്നതിനപ്പുറം കെൽട്രോൺ അധികൃതരെ വിളിച്ചുവരുത്തി വിശദാംശങ്ങൾ നേരിട്ട് സ്വീകരിച്ചിട്ടുണ്ട്. കെല്‍ട്രോണിനാണ് പിഴവ് സംഭവിച്ചതെങ്കില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള മാര്‍ഗവും സര്‍ക്കാറിന് മുന്നിലുണ്ട്.
വെട്ടിലായി വ്യവസായ വകുപ്പും
തിരുവനന്തപുരം: എ.ഐ കാമറ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് റിപ്പോർട്ട് പ്രതീക്ഷിച്ചിരിക്കുന്ന വ്യവസായ വകുപ്പിനെ വെട്ടിലാക്കുന്നതായി പ്രതിപക്ഷത്തിന്റെ പുതിയ വെളിപ്പെടുത്തൽ. പദ്ധതിയിലെ തട്ടിപ്പുകളെക്കുറിച്ച് അല്‍ഹിന്ദ് കമ്പനി വളരെ നേരത്തേ തന്നെ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും പി. രാജീവ് മന്ത്രിയായിരിക്കുമ്പോള്‍ 2021 ഒക്ടോബർ 23ന് അൽഹിന്ദ് കമ്പനി വ്യവസായ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ദിവസം ഇതിനെക്കുറിച്ച ചോദ്യത്തിൽനിന്ന് വ്യവസായ മന്ത്രി തന്ത്രപൂർവം ഒഴിഞ്ഞുമാറിയിരുന്നു.
അതേസമയം, കത്തിന്റെ തീയതിയടക്കം പുറത്തുവന്നതോടെ വ്യവസായ വകുപ്പ് ഇക്കാര്യത്തിൽ വിശദീകരിക്കേണ്ടി വരും. കരാർ വിവാദമാകും മുമ്പുതന്നെ ഇത്തരമൊരു കത്ത് കിട്ടിയിട്ടും എന്തു നടപടിയാണ് വ്യവസായ വകുപ്പ് സ്വീകരിച്ചതെന്ന ചോദ്യമാണ് ഉയരുന്നത്. ഒരു ഭാഗത്ത് കെൽട്രോണിന്റെ കാമറ ഇടപാടുകളിലെ സുതാര്യതയില്ലായ്മ വ്യവസായ വകുപ്പ് അന്വേഷിക്കുമ്പോൾ മറുഭാഗത്ത് വ്യവസായ വകുപ്പിനെ തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്ന പരാമർശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സുതാര്യമല്ല ഇടപാടെന്നും ഉപകരണങ്ങൾ വാങ്ങുന്നതിൽ ക്രമക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. കെൽട്രോൺ മേധാവിമാരെ നേരിട്ട് കണ്ട് കാര്യങ്ങളറിയിച്ചിരുന്നെന്നും കത്തിൽ പറയുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ബന്ധു പദ്ധതിയില്‍ ഇടപെട്ടതിന് തെളിവുണ്ടോ എന്ന് കഴിഞ്ഞ ദിവസം മന്ത്രി രാജീവ് വെല്ലുവിളിച്ചിരുന്നു. ഇതിനും പ്രതിപക്ഷം ശനിയാഴ്ച മറുപടി നൽകി. എസ്.ആർ.ഐ.ടിയുടെ നേതൃത്വത്തിലെ കണ്‍സോർട്യത്തിന്റെ ആദ്യത്തെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബു പങ്കെടുത്തെന്ന് ആവർത്തിച്ചുകൊണ്ട് പ്രതിപക്ഷം ആരോപണം കടുപ്പിക്കുകയാണ്. മാത്രമല്ല, കണ്‍സോർട്യത്തിൽ പണം നഷ്ടമായ കമ്പനികള്‍ പ്രകാശ് ബാബുവിനെ പിന്നീട് സമീപിച്ചിട്ടുണ്ടോ എന്നതിൽ മറുപടി പറയാന്‍ മന്ത്രി രാജീവോ മുഖ്യമന്ത്രിയോ മുന്നോട്ടുവരുമോ എന്ന് പ്രതിപക്ഷ നേതാവ് വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ എ.ഐ കാമറ അഴിമതി ആരോപണത്തില്‍ വിജിലൻസ് അന്വേഷണം പേരിനു മാത്രമെന്ന വിമർശനവും ശക്തമാണ്. പദ്ധതിയുടെ ഉപകരാറുകളെക്കുറിച്ചും സ്വകാര്യ കമ്പനികളെക്കുറിച്ചും വിജിലൻസ് പരിശോധിക്കാനിടയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.