സർക്കാർ തിരുത്തുന്നത് ആറര പതിറ്റാണ്ടിന്റെ ചരിത്രം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാൻ ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചതോടെ മാറുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ 65 വർഷത്തെ ചരിത്രം.
ഐക്യകേരളം പിറവി കൊണ്ടതുമുതൽ കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ പദവി ഗവർണർക്കാണ്. 1957ലെ കേരള സർവകലാശാല നിയമത്തിലൂടെയാണ് സർവകലാശാലകളുടെ പരമോന്നത പദവിയിൽ ഗവർണർ വന്നത്. 1937ൽ രാജഭരണകാലത്ത് രൂപം നൽകിയ തിരുവിതാംകൂർ സർവകലാശാലയാണ് 1957ലെ നിയമത്തിലൂടെ കേരള സർവകലാശാലയായത്. രാജഭരണകാലത്ത് രാജാവായിരുന്നു സർവകലാശാലയുടെ ചാൻസലർ. 1968ൽ നിലവിൽവന്ന കാലിക്കറ്റ് സർവകലാശാലയുടെ ചാൻസലർ പദവി ഗവർണർക്കായിരുന്നു.
പിന്നീട്, രൂപവത്കരിച്ച നിയമ സർവകലാശാല (നുവാൽസ്) ഒഴികെ മുഴുവൻ സർവകലാശാലകളുടെയും ചാൻസലർ ഗവർണർ തന്നെയായി. നുവാൽസിൽ ഹൈകോടതി ചീഫ് ജസ്റ്റിസാണ് ചാൻസലർ. നിലവിൽ 14 സംസ്ഥാന സർവകലാശാലകളുടെയും ചാൻസലർ ഗവർണറാണ്. കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ.എം.എസ് നേതൃത്വം നൽകിയ സർക്കാറാണ് സർവകലാശാല ചാൻസലർ പദവിയിലേക്ക് ഗവർണറെ കൊണ്ടുവന്നതെങ്കിൽ അതേ പ്രത്യയശാസ്ത്രക്കാരനായ പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ ആറര പതിറ്റാണ്ടിനുശേഷം ഗവർണറെ ചാൻസലർ പദവിയിൽനിന്ന് നീക്കാനുള്ള നിയമനിർമാണത്തിലേക്ക് കടന്നിരിക്കുന്നു.
സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങളെന്ന സങ്കൽപത്തിലാണ് സജീവ രാഷ്ട്രീയത്തിൽ ഇടപെടാത്ത, സംസ്ഥാനത്തിന്റെ ഭരണഘടന തലവനായ ഗവർണറെ ചാൻസലർ പദവിയിലേക്ക് സർക്കാറുകൾ പരിഗണിച്ചത്. സർവകലാശാലകളിൽ അത്യപൂർവമായി മാത്രമേ ചാൻസലർമാർ ഇടപെടാറുണ്ടായിരുന്നുള്ളൂ. വിവിധ സർക്കാറുകൾ തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾ സർവകലാശാലകളിൽ നടപ്പാക്കാൻ മുതിർന്നതോടെ ചാൻസലറുടെ ഇടപെടലുകൾ പതിവായി. ഗവർണർ വഴി സർവകലാശാലകളിൽ ബി.ജെ.പി താൽപര്യം നടപ്പാക്കാൻ ശ്രമം തുടങ്ങിയതോടെ സംസ്ഥാന സർക്കാറും പ്രതിരോധ നീക്കം നടത്തി. കാലിക്കറ്റ്, ആരോഗ്യ സർവകലാശാല വി.സി നിയമനത്തിൽ ഇത് പ്രകടമായി. കേരള സർവകലാശാല സെനറ്റിലേക്ക് നാമനിർദേശം ചെയ്യാൻ വൈസ് ചാൻസലർ സമർപ്പിച്ച പട്ടികയിൽനിന്ന് രണ്ടുപേരെ വെട്ടി പകരം രണ്ട് ബി.ജെ.പി നോമിനികളെ തിരുകിക്കയറ്റുന്ന നടപടി മുൻ ഗവർണർ പി. സദാശിവത്തിന്റെ കാലത്തുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.