നവകേരള സദസ്സ് കെങ്കേമമാക്കാൻ തദ്ദേശ, സഹകരണ സ്ഥാപനങ്ങളുടെ ‘കഴുത്തിന്’ പിടിച്ച് സർക്കാർ
text_fieldsകോട്ടയം: കേരളീയവുമായി ബന്ധപ്പെട്ട പിരിവ്, സ്പോൺസർഷിപ് വിവാദം നിലനിൽക്കെ ‘നവകേരള സദസ്സി’നായി തദ്ദേശ സ്ഥാപനങ്ങളെയും സഹകരണ സംഘങ്ങളെയും പിഴിയാനൊരുങ്ങി സർക്കാർ. നവകേരള സദസ്സ് നടത്തിപ്പിന് തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്ന് ക്വോട്ട നിശ്ചയിച്ചും സംഭാവന നൽകാൻ സഹകരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയുമുള്ള ഉത്തരവുകളാണ് സർക്കാർ പുറത്തിറക്കിയത്. സാമ്പത്തിക പ്രതിസന്ധിയിലായ തദ്ദേശ, സഹകരണ സ്ഥാപനങ്ങളെ കൂടുതൽ കടക്കെണിയിലാക്കുന്നതാണ് ഈ തീരുമാനം.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ചെലവിനുള്ള പണം സംഘാടകർതന്നെ കണ്ടെത്തണമെന്ന നിർദേശം സംബന്ധിച്ച് നേരത്തേ ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് തദ്ദേശ, സഹകരണ സ്ഥാപനങ്ങളുടെ കഴുത്തിന് പിടിക്കുന്ന നടപടി. സദസ്സിന് പണം നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ക്വോട്ട നിശ്ചയിച്ചുള്ള ഉത്തരവാണ് അഡീഷനൽ ചീഫ് സെക്രട്ടറിയുടേത്.
ഗ്രാമപഞ്ചായത്തുകൾ 50,000ഉം മുനിസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും 1,00,000 വീതവും നൽകണം. കോർപറേഷനുകൾക്ക് രണ്ട് ലക്ഷവും ജില്ല പഞ്ചായത്തുകൾക്ക് മൂന്നുലക്ഷം രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. സംഘാടകസമിതി ആവശ്യപ്പെടുന്ന പ്രകാരം പണം നൽകാനാണ് ഉത്തരവ്.
നവകേരള സദസ്സിന്റെ താമസം, ഭക്ഷണം ഉൾപ്പെടെ കാര്യങ്ങൾക്കുള്ള ചെലവ് സംഘാടകസമിതി വഹിക്കണമെന്ന് നേരത്തേതന്നെ നിർദേശിച്ചിരുന്നു. പക്ഷേ, അതിനുള്ള പണം കണ്ടെത്താൻ പല സമിതികളും നട്ടംതിരിയുന്നതിനാൽ അതിന് പരിഹാരം എന്ന നിലക്കാണ് ഈ നീക്കം.
നവകേരള സദസ്സിന്റെ നടത്തിപ്പിന് സഹകരണ സ്ഥാപനങ്ങള്‍ക്ക് പണം സംഭാവന ചെയ്യാമെന്ന ഉത്തരവും പുറത്തിറക്കി. നിർബന്ധമായും പണം നൽകണമെന്ന് ഉത്തരവില്‍ പറയുന്നില്ലെങ്കിലും അധികൃതരുടെ സമ്മർദങ്ങൾക്ക് എല്ലാവരും വഴങ്ങേണ്ടിവരുമെന്ന് സഹകാരികള്‍ പരാതിപ്പെടുന്നു. പണം നല്കാന് ഏതെങ്കിലും സഹകരണ സംഘങ്ങള്‍ തയാറായില്ലെങ്കില്‍ അപ്രീതിക്ക് പാത്രമാകുമെന്ന ആശങ്കയും അവർ പ്രകടിപ്പിക്കുന്നു.
സഹകരണ വകുപ്പിനുകൂടി താല്പര്യമുള്ളതിനാൽ എത്ര പിരിവ് കൊടുത്താലും ഓഡിറ്റ് ഒബ്ജക്ഷനുമുണ്ടാകില്ല. ചുരുക്കിപ്പറഞ്ഞാല്‍ നവകേരള സദസ്സിന് സംഭാവന നല്‍കാതെ സഹകരണ സ്ഥാപനങ്ങൾക്ക് മുന്നോട്ട് പോകുക പ്രയാസകരമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.