പാലമിട്ട് സർക്കാർ; അടുക്കാതെ സഭ
text_fieldsതിരുവനന്തപുരം: മുതലപ്പൊഴി അപകടത്തെ തുടർന്ന് സർക്കാറും ലത്തീൻ സഭയും തമ്മിൽ പോർമുഖം തുറന്നിരിക്കെ മന്ത്രിതല ചർച്ച നടത്തിയത് അനുനയ നീക്കത്തിന് പാലമിടാൻ. കേന്ദ്ര സംഘത്തിന്റെ സന്ദർശനവും ഒപ്പം ചൊവ്വാഴ്ച അടൂർ പ്രകാശ് എം.പിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്താനിരിക്കുന്ന ഉപവാസവുമെല്ലാം സർക്കാറിന്റെ അടിയന്തര നീക്കത്തിന് പ്രേരണയായി. വികാരി ജനൽ ഫാ.യൂജിൻ പെരേരക്കെതിരെ മന്ത്രി വി. ശിവൻകുട്ടിയുടെ രൂക്ഷമായ പരാമർശങ്ങളും പിന്നാലെ കലാപാഹ്വാനത്തിന് കേസെടുത്തതും ലത്തീൻ അതിരൂപതയുമായുള്ള സർക്കാറിന്റെ ബന്ധം മോശമാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ അടൂർ പ്രകാശിന്റെ ഉപവാസ സമരം മുൻനിർത്തി രാഷ്ട്രീയ നീക്കത്തിന് തന്നെയാണ് കോൺഗ്രസ് തീരുമാനവും. ഉദ്ഘാടകനായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സമാപനത്തിന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമടക്കം മുതലപ്പൊഴിയിലെത്തുന്നതിന് ഇതിനോട് ചേർത്ത് വായിക്കണം. പ്രതിപക്ഷനേതാവ് സമരത്തിന് മുന്നോടിയായി ദുരന്തത്തിൽ മരിച്ചവരുടെ വീടുകളും സന്ദർശിക്കുന്നുണ്ട്.അതേസമയം, സർക്കാറിന് അനുനയ നീക്കത്തിൽ ലത്തീൻ സഭ മനസ്സ് തുറന്നിട്ടില്ല. വിഴിഞ്ഞം സമരം തുടങ്ങിയത് 2022 ജൂലൈ 20നാണ്.
വാർഷികമായ ഈമാസം 20ന് ലത്തീൻ അതിരൂപത യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ സാഹചര്യങ്ങൾ ചർച്ച ചെയ്യുമെന്നും നിലപാട് പ്രഖ്യാപിക്കുമെന്നും സഭാവൃത്തങ്ങൾ വ്യക്തമാക്കുന്നു. വിഴിഞ്ഞം സമരത്തിൽ ഉറപ്പ് നൽകിയ ഏഴ് കാര്യങ്ങൾ ഒന്നൊഴികെ മറ്റൊന്നും സർക്കാർ ചെയ്തിട്ടില്ല. യൂജിൻ പെരേരക്കെതിരെ എടുത്ത കലാപാഹ്വാന കേസിനെ കുറിച്ചും മന്ത്രിമാർ പ്രതികരിച്ചിട്ടില്ല.
വിഴിഞ്ഞം സമരവും തുടർ സംഭവങ്ങളും തീരദേശമേഖലയിൽ സർക്കാറിനോട് അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.കൃത്യം ഒരുവർഷം പിന്നിടുമ്പോൾ മുതലപ്പൊഴിയുടെ പേരിൽ സർക്കാറും സഭയും വീണ്ടും ഇടയുന്നതും തീരദേശ ജനങ്ങളെ സഭ ചൂഷണം ചെയ്യുന്നുവെന്ന മന്ത്രിയുടെ തന്നെ ആരോപണങ്ങളും അപായ സൂചനയായാണ് സി.പി.എം കണക്കാക്കുന്നത്.
ഇതാണ് ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ തലസ്ഥാന ജില്ലയിലെ മന്ത്രിമാർ അടിയന്തര യോഗം ചേരുന്നതിലേക്ക് വഴിയൊരുക്കിയത്. വിഴിഞ്ഞം വിഷയത്തിൽ ശശി തരൂർ ഒഴികെ കോൺഗ്രസ് നേതാക്കളടക്കം തീരദേശ ജനതക്കൊപ്പമായിരുന്നു.ബി.ജെ.പിയാകട്ടെ പരസ്യമായി തീരദേശ വാസികളെ ശത്രുപക്ഷത്ത് നിർത്തുന്ന സമീപനമാണ് വിഴിഞ്ഞത്ത് സ്വീകരിച്ചത്. ഇതാണ് തീരദേശമേഖയിൽ അനുകൂല സാധ്യതയായി കോൺഗ്രസ് വിലയിരുത്തുന്നതും.
കേസ് നേരിടും -യൂജിൻ പെരേര
തിരുവനന്തപുരം: മുതലപ്പൊഴിയിൽ സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത് നേരത്തെ ചെയ്യാമായിരുന്നുവെന്ന് ലത്തീൻ സഭയുടെ വികാരി ജനറൽ ഫാദർ യൂജിൻ പെരേര. അദാനിക്ക് എല്ലാം സൗകര്യവും ചെയ്തു കൊടുക്കുന്നു. കഴിഞ്ഞ ഭരണകാലത്ത് മന്ത്രിയായിരുന്ന ജെ. മേഴ്സികുട്ടിയമ്മ സാൻഡ് ബൈപാസിങ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നടപ്പാക്കിയില്ല. അതിന്റെ ഫലമാണ് ഈ മരണങ്ങളെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോഴും കണ്ണിൽ പൊടിയിടുന്ന പരിപാടിയാണ് നടക്കുന്നത്. മന്ത്രിമാരുടെ സന്ദർശനം ഉൾപ്പെടെ നേരത്തെ ചെയ്യാമായിരുന്നു. പൊതുധാരയിൽനിന്ന് തന്നെ മാറ്റിനിർത്താനാണ് കേസ്. അതിനെ നേരിടും. കേന്ദ്രസംഘം തീരം സന്ദർശിച്ചത് സ്വാഗതാർഹമാണ്. തീരദേശത്ത് കേന്ദ്രസർക്കാരാണ് മുഖ്യമായി തുക ചെലവഴിക്കുന്നത്. കരാറുകാർക്ക് എല്ലാ സൗകര്യങ്ങളും ചെയ്യുകയും പൗരന്മാർക്ക് സൗകര്യങ്ങൾ ചെയ്യാതിരിക്കുകയും ചെയ്തതിന്റെ ദുരന്തഫലമാണ് മുതലപ്പൊഴിയിൽ കണ്ടതെന്നും അദ്ദേഹം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.