സർക്കാർ ഉത്തരവിറക്കി; അസ്നക്കിത് ആഗ്രഹ സാഫല്യം
text_fieldsകോലഞ്ചേരി: ആഗ്രഹ സാഫല്യമായി സർക്കാർ ഉത്തരവിറങ്ങി. അസ്നക്കിനി പ്ലസ് വൺ പരീക്ഷ എഴുതാം. ബ്രഹ്മപുരം സ്വദേശിനി അസ്ന കെ.എം. എന്ന വിദ്യാർത്ഥിനിക്കാണ് സർക്കാരിൻ്റെ സ്പെഷ്യൽ ഓർഡറിലൂടെ പ്ലസ് വൺ പുന: പ്രവേശനത്തിനും പരീക്ഷയെഴുതാനും അവസരമൊരുങ്ങിയത്.
പ്ലസ് വൺ പ്രൈവറ്റായി പഠിക്കുകയാണ് ഈ വിദ്യാർത്ഥിനി. എന്നാൽ നിർദ്ദിഷ്ട സമയത്ത് പരീക്ഷ ഫീസ് അടക്കാത്തതിനാൽ അഡ്മിഷൻ നഷ്ടമാകുകയും ചെയ്തു.
ഒരു വർഷം തന്നെ നഷ്ടമാകുമെന്ന സാഹചര്യത്തിലാണ് അസ്നയും കുടുംബവും വാർഡ് മെമ്പർ കൂടിയായ പുത്തൻകുരിശ് പഞ്ചായത്തംഗം നവാസിനോട് ആവലാതി പറഞ്ഞത്.
കഴിഞ്ഞ ദിവസം രാവിലെ ഇവർ വാർഡ് മെമ്പറോ ടൊപ്പം കുന്നത്തുനാട് എം.എൽ.എ അഡ്വ.പി.വി.ശ്രീനിജിനെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു. തുടർന്ന് അടിയന്തിര ഇടപെടൽ നടത്തിയ എം.എൽ.എ പൊതു വിദ്യാഭ്യാസ സെക്രട്ടറിയേയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയേയും കാര്യങ്ങൾ ബോധ്യപ്പെടുത്തി.
ഇതോടെ കാര്യങ്ങൾ ധ്രുത ഗതിയിലായി.ഒടുവിൽ റീ അഡ്മിഷൻ നൽകിയും പരീക്ഷാ ഫീസ് അടക്കാൻ അനുവദിച്ചും വെള്ളിയാഴ്ച രാവിലെ തന്നെ സർക്കാർ സ്പെഷൽ ഉത്തരവിറക്കിയതോടെ അസ്നയുടെ പരിശ്രമം വിജയത്തിലെത്തുകയായിരുന്നു.
ഒരു വിദ്യാർത്ഥിനിക്ക് മാത്രം പരീക്ഷ ഫീസ് അടക്കുന്നതിനായി സ്പെഷ്യൽ ഓർഡർ ഇറക്കുക എന്ന നടപടിയാണ് ഇക്കാര്യത്തിലുണ്ടായതെന്നും ഇടപെടൽ നടത്താൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടന്നും പി.വി. ശ്രീനിജിൻ എം.എൽ.എ. പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.