ക്ഷേമ പെൻഷനുകൾ 1500 ആക്കും, സൗജന്യകിറ്റ് വിതരണം നാല് മാസം കൂടി തുടരും- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ വാഗ്‌ദാനം പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 100 ദിന കര്‍മപരിപാടി സംസ്ഥാനത്ത് അനന്യമായ ക്ഷേമ വികസന മുന്നേറ്റങ്ങളാണ് സൃഷ്ടിച്ചത്. വിവിധ വിഭാഗം ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്നതിനും തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്നതിനും പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും കർമപരിപാടിക്ക് കഴിഞ്ഞു. രണ്ടാംഘട്ട 100 ദിന കർമപരിപാടിയുടെ പ്രഖ്യാപനം നടത്തിക്കൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഡിസംബര്‍ ഒന്‍പതിനാണ് ഒന്നാം 100 ദിന പരിപാടി അവസാനിച്ചത്. രണ്ടാംഘട്ട 100 ദിനപരിപാടി ഡിസംബര്‍ ഒന്‍പതിന് തന്നെ ആരംഭിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സമയമായതിനാൽ പെരുമാറ്റ ചട്ടം കഴിഞ്ഞശേഷമാണ് ഇത് പ്രഖ്യാപിക്കുന്നത്. ഇതിന്റെ ഭാഗമായി 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. അതോടൊപ്പം 5,700 കോടി രൂപയുടെ 5526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടി രൂപയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലക്ഷ്യം വെച്ചതിന്‍റെ ഇരട്ടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. 100 ദിന കർമപരിപാടിയുടെ രണ്ടാംഘട്ടത്തില്‍ അമ്പതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കും. 1,16,440 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 2021 ജനുവരി ഒന്നുമുതല്‍ ക്ഷേമപെന്‍ഷനുകള്‍ നൂറുരൂപ വീതം വര്‍ധിപ്പിച്ച് 1500 രൂപയാക്കി ഉയര്‍ത്തും. 183 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിക്കും. ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് 31ന് മുമ്പ് നടത്തും.
കേരളത്തില്‍ നടക്കില്ലെന്ന് കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചു.അഞ്ചാംതിയതി പ്രധാനമന്ത്രി ഇത് ഉദ്ഘാടനം ചെയ്യും. മലബാര്‍ കോഫി പൗഡര്‍ വിപണിയിലിറക്കും. അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ അഞ്ചിലൊന്ന് വിലക്ക് ലഭ്യമാക്കുന്നതിന് ഉൽപാദനം ആരംഭിക്കും. മഹാമാരിയുടെ കാലത്ത് കേരളത്തിൽ ഒരാൾ പോലും പട്ടിണി കിടന്നിരുന്നില്ല. കാർഷിക ഉത്പനങ്ങൾക്ക് തറവില പ്രഖ്യാപിക്കാനായത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യകിറ്റ് നാല് മാസം കൂടി വിതരണം ചെയ്യും. കെ. ഫോൺ ഫെബ്രുവരിയിൽ ആരംഭിക്കും. 35,000 വീടുകളുടെ നിർമാണം പൂർത്തിയാക്കും. ഒമ്പത് വ്യവസായ പദ്ധതികൾ പുതുതായി തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.