ഗവർണറെ നേരിടാൻ നയപ്രഖ്യാപന പ്രസംഗം നീട്ടിവെച്ച് നിയമസഭ സമ്മേളനം നടത്താൻ സർക്കാർ നീക്കം
text_fieldsതിരുവനന്തപുരം: ഗവർണറോട് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലുറച്ച് സി.പി.എം. ഗവർണറെ നേരിടുന്നതിന്റെ ഭാഗമായി നയപ്രഖ്യാപന പ്രസംഗം നീട്ടിവെച്ച് നിയമസഭ സമ്മേളനം നടത്താനുള്ള കണക്കുകൂട്ടലിലാണ് സർക്കാർ. അതിന്റെ നിയമവശങ്ങളെ കുറിച്ചാണ് സർക്കാർ പരിശോധിക്കുന്നത്.
പുതിയ വർഷത്തിലെ ആദ്യ നിയമസഭ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങണമെന്നാണ് ചട്ടം. അതേ സമയം, ഈ വർഷം സഭ സമ്മേളനം തുടങ്ങി, അടുത്ത വർഷം തുടർന്നാൽ നയപ്രസംഗം തൽകാലത്തേക്ക് ഒഴിവാക്കാൻ സാധിക്കും.
ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കുന്നതിനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിടാൻ സാധ്യതയില്ല. അതിനാൽ ഉടൻ നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം. ഡിസംബർ അഞ്ച് മുതൽ 15 വരെ സഭ സമ്മേളിക്കാനാണ് നീക്കം. എന്നാൽ 15ന് സഭ പിരിയാതെ നിർത്തിവെച്ച് ക്രിസ്മസിനു ശേഷം വീണ്ടും ചേർന്ന് ജനുവരി വരെ തുടർന്നാൽ അതുവഴി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തൽകാലത്തേക്ക് ഒഴിവാക്കാൻ സാധിക്കും. അടുത്ത മന്ത്രിസഭ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യും.
1990ൽ ഗവർണർ രാം ദുലാരി സിൻഹയെ ഒഴിവാക്കാൻ നായനാർ സർക്കാർ സമാനതന്ത്രം പ്രയോഗിച്ചിരുന്നു. തെലങ്കാന, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലും ഇതേ രീതിയിൽ ഗവർണറെ നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് ഒഴിവാക്കിയതും സർക്കാർ പരിശോധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ ഗവർണർ സർക്കാരിനെ പ്രതിസന്ധിയിലാക്കിയതും കണക്കിലെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.