ചിന്ത ജെറോമിനെതിരായ പരാതിയുടെ പേരിൽ ആക്രമണമുണ്ടായിട്ടില്ലെന്ന് സർക്കാർ
text_fieldsകൊച്ചി: ചിന്ത ജെറോമിനെതിരെ വിജിലൻസിൽ പരാതി നൽകിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു സുനിലിന് നേരെ ആക്രമണമുണ്ടായിട്ടില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. ഒരു മന്ത്രിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് രാഷ്ട്രീയ പാർട്ടികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് പരിക്കേറ്റതെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ചിന്ത ജെറോമിനെതിരെ പരാതി നൽകിയതിനെ തുടർന്ന് തനിക്ക് നേരെ ആക്രമണമുണ്ടായെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിഷ്ണു സുനിൽ നൽകിയ ഹരജിയിലാണ് സർക്കാറിന്റെ വിശദീകരണം. യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോം രണ്ടു വർഷത്തോളം കൊല്ലത്തെ റിസോർട്ടിൽ താമസിച്ച സംഭവത്തിൽ ഇവരുടെ വരുമാനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിഷ്ണു സുനിൽ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു.
തുടർന്ന് റിസോർട്ട് ഉടമ ഭീഷണിപ്പെടുത്തിയെന്നും ചിന്തയുടെ നിർദേശപ്രകാരം ഒരുസംഘം തന്നെ ആക്രമിച്ചെന്നും ആരോപിച്ചാണ് വിഷ്ണു സുനിൽ ഹരജി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഹരജിക്കാരന് സംരക്ഷണം നൽകാൻ കൊട്ടിയം പൊലീസിന് ജസ്റ്റിസ് എൻ. നഗരേഷ് ഇടക്കാല ഉത്തരവിലൂടെ നിർദേശം നൽകിയിരുന്നു. തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിച്ചപ്പോഴാണ് സർക്കാർ അഭിഭാഷകൻ വിശദീകരണം നൽകിയത്. ഹരജിക്കാരനെ ആക്രമിച്ച കേസിൽ കൊല്ലം ജോനകപുരം സ്വദേശി ബിലാലിനെയും മുണ്ടക്കൽ സ്വദേശി ഷൈനുദ്ദീനെയും അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.