ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സർക്കാറിന്‍റെ തലയിൽ കെട്ടിവെക്കേണ്ട -മന്ത്രി
text_fieldsതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സർക്കാറിന്‍റെ തലയിൽ കെട്ടിവെക്കേണ്ടതില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കും. കൂടുതൽ ചർച്ച റിപ്പോർട്ടിന് മേൽ നടക്കണം എന്നതിൽ തർക്കമില്ല. താന്‍ മന്ത്രിയായി മൂന്നര വർഷത്തിനിടക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ല.
ഡബ്ല്യു.സി.സി (വിമൻ ഇൻ സിനിമാ കലക്ടിവ്) പോലെയുള്ള സംഘടനകൾ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് രണ്ടു മാസത്തിനകം സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സിനിമ, സീരിയല്‍ മേഖലയിലെ പ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള കോൺക്ലേവിൽ സിനിമ, സീരിയൽ മേഖലയിലെ പ്രശ്നങ്ങളും അതിന്റെ പരിഹാരങ്ങളും ചര്‍ച്ച ചെയ്യുമെന്നും പരാതികൾ വന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം വായിച്ചിട്ടില്ല. ശിപാര്‍ശ മാത്രമാണ് കണ്ടത്. പുറത്തുവിടാത്ത ഭാഗം വായിച്ചിട്ടില്ല. വിവരാവകാശ കമീഷനാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ട എന്ന് പറഞ്ഞത്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. ഈ കാര്യത്തില്‍ കൃത്യമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.