പേഴ്സനൽ സ്റ്റാഫ് നിയമനത്തിൽ സർക്കാർ തലയിടേണ്ട; വീണ്ടും പോർമുഖം തുറന്ന് ഗവര്‍ണര്‍
text_fieldsതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെതിരെ വീണ്ടും പോർമുഖം തുറന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ജന്മഭൂമി മുൻ പത്രാധിപരായ ഹരി എസ്. കര്‍ത്തയെ പേഴ്സനല്‍ സ്റ്റാഫായി നിയമിച്ചത് തന്റെ തീരുമാനമാണെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ തലയിടേണ്ടതില്ലെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.
മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫില്‍ പാര്‍ട്ടിക്കാരെ നിയമിക്കുന്നതിനെതിരെയും ഗവര്‍ണര്‍ രംഗത്തെത്തി. രണ്ട് വര്‍ഷത്തിനുശേഷം ഇത്തരക്കാര്‍ക്ക് പെന്ഷന് നല്കുന്ന നടപടി നിയമവിരുദ്ധമാണ്. പേഴ്സനല്‍ സ്റ്റാഫ് പദവിയില്‍നിന്ന് രാജിവെച്ച് ഇവരെല്ലാം വീണ്ടും പാര്‍ട്ടിയിലേക്ക് തിരികെയെത്തി പ്രവര്‍ത്തിക്കുന്നു. ഇപ്രകാരം പാര്‍ട്ടി കേഡറുകളെ വളര്‍ത്തുന്നതിനോട് യോജിക്കാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാനത്തെ പേഴ്സനല്‍ സ്റ്റാഫ് നിയമനരീതിയെക്കുറിച്ച് അടുത്തകാലത്താണ് അറിഞ്ഞത്. രണ്ട് വര്‍ഷത്തിനുശേഷം പെന്ഷന് നല്കുന്ന ഇത്തരം പേഴ്സനല്‍ സ്റ്റാഫ് നിയമനം നാണംകെട്ട ഏര്‍പ്പാടാണ്.
പാര്‍ട്ടിക്കാര്‍ക്ക് പെന്ഷന് കൊടുക്കേണ്ടത് സര്‍ക്കാര്‍ ചെലവിലല്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. ഗവര്‍ണറുടെ പേഴ്സനല്‍ സ്റ്റാഫായി ഹരി എസ്. കര്‍ത്തയുടെ നിയമനത്തിൽ കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ അതൃപ്തി അറിയിച്ചത്. ഗവര്‍ണറുടെ താൽപര്യം കൊണ്ടുമാത്രമാണ് നിയമനം നടത്തിയതെന്നും മുഖ്യമന്ത്രിയുടെ വിയോജനത്തോടെയാണ് ഉത്തരവ് ഇറങ്ങിയതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.
ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് നിയമനത്തിനെതിരെ ഗവര്‍ണറും കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.