ഡോ. സിസ തോമസിനെതിരായ ഹരജിയിൽ സർക്കാറിന് തിരിച്ചടി; വാദം കേൾക്കാതെ സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: സർക്കാറും ഗവർണറും തമ്മിലുള്ള തർക്കത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് ഓർമിപ്പിച്ച് കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ സിസ തോമസിനെതിരെ കേരള സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ചട്ടപ്രകാരം സർക്കാർ ജീവനക്കാർക്ക് സംസ്ഥാന സർക്കാറിന്റെ മുൻകൂർ അനുമതിയില്ലാതെ മറ്റൊരു ജോലിക്ക് ചേരാനാവില്ലെന്ന കേരള സർക്കാറിന്റെ വാദം അവഗണിച്ചാണ് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
സർക്കാറിന്റെ അനുമതി കൂടാതെ സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ പദവി ഏറ്റെടുത്തതിന് സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നുവെന്നും സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ 48ാം വകുപ്പിന് വിരുദ്ധമായാണ് അവർ വി.സി സ്ഥാനം ഏറ്റെടുത്തതെന്നും കേരള സർക്കാറിനുവേണ്ടി ഹാജരായ ജയദീപ് ഗുപ്ത വാദിച്ചു. എന്നാൽ, ചട്ടം നോക്കാൻ വിസമ്മതിച്ച ബെഞ്ച്, സിസ തോമസ് സർക്കാർ ഉദ്യോഗസ്ഥയാണെന്നും ഗവർണറും സർക്കാറും തമ്മിലുള്ള തർക്കത്തിൽ അവരെ ബലിയാടാക്കരുതെന്നും ആവശ്യപ്പെട്ട് ഹരജി തള്ളുകയായിരുന്നു.
മുൻ വൈസ് ചാൻസലർ രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്നാണ് സിസ തോമസിനെ ഗവർണർ താൽക്കാലിക വൈസ് ചാൻസലറായി നിയമിച്ചത്. അതിനെതിരെ സർക്കാർ ഹൈകോടതിയെ സമീപിച്ചെങ്കിലും സിസയുടെ നിയമനം നിയമപരമാണെന്നായിരുന്നു വിധി. അതിനുശേഷമാണ് സർക്കാറിന്റെ അനുമതി കൂടാതെ വൈസ് ചാൻസലർ സ്ഥാനം ഏറ്റെടുത്തതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയ അച്ചടക്ക നടപടിക്ക് തുടക്കമിട്ടത്. കാരണം കാണിക്കൽ നോട്ടീസ് നൽകാനും നടപടിയെടുക്കാനും സർക്കാറിന് അധികാരമുണ്ടെന്ന ഗുപ്തയുടെ വാദത്തോട് സുപ്രീംകോടതി വിയോജിച്ചു.
കേരളത്തിനുവേണ്ടി ഗുപ്തക്ക് പുറമെ സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും സിസ തോമസിനു വേണ്ടി മുതിർന്ന അഭിഭാഷകൻ രാഘവേന്ദ്ര ശ്രീവത്സ, അഭിഭാഷകരായ ഉഷ നന്ദിനി, കോശി ജേക്കബ് എന്നിവരും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.