സമുദായങ്ങളുടെ സമഗ്ര സർവേ ഇപ്പോൾ സാധ്യമല്ലെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: എല്ലാ സമുദായങ്ങളുടെയും സാമൂഹിക സാമ്പത്തിക സ്ഥിതിയും ജനസംഖ്യയും കണ്ടെത്താനുള്ള സമഗ്ര സർവേ ഇപ്പോൾ നടത്താനാകില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. സർക്കാറിന്റെ സാമ്പത്തിക സ്ഥിതിയും കോവിഡ് സാഹചര്യവും മുൻനിർത്തിയാണ് ജസ്‌റ്റിസ് എ.വി. രാമകൃഷ്‌ണപിള്ള അധ്യക്ഷനായ മുന്നാക്ക സമുദായ കമീഷൻ ശിപാർശയുടെ അടിസ്ഥാനത്തിലുള്ള സർവേ തൽക്കാലം സാധ്യമാകില്ലെന്ന് അറിയിച്ചത്.
മുന്നാക്ക ജനവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ സാമ്പിൾ സർവേ നടത്താനുള്ള സർക്കാർ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നൽകിയ ഹരജിയിലാണ് വിശദീകരണം. സർക്കാർ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ഹരജി തീർപ്പാക്കി.
ഓരോ വാർഡിലും മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അഞ്ച് വീടുകൾ തെരഞ്ഞെടുത്ത് സർവേ നടത്തി മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനെയാണ് എൻ.എസ്.എസ് എതിർത്തത്. ഈ ഹരജി പരിഗണിക്കവേ, സാമ്പത്തിക സംവരണത്തിന് അർഹരായവരെ കണ്ടെത്താൻ സമഗ്ര സർവേയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ട സിംഗിൾ ബെഞ്ച്, ഇതിൽ സർക്കാറിന്റെ നിലപാട് തേടുകയായിരുന്നു. ഹരജിയിൽ മൂന്നുതവണ സമയം നീട്ടിച്ചോദിച്ച ശേഷമാണ് സമഗ്ര സർവേ ഇപ്പോൾ നടത്താനാകില്ലെന്ന് വിശദീകരണം നൽകിയത്. ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഈ മാസം 13ന് നൽകിയ ഉത്തരവും ഹാജരാക്കി.
സർക്കാറിന്‍റെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി നിലപാടറിയിക്കുമ്പോൾ ഇതിനെതിരെ ഉത്തരവ് നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, 13ലെ ഉത്തരവ് ഹരജിക്കാർക്ക് നിയമപരമായി ചോദ്യം ചെയ്യാം. പിന്നീട് സാഹചര്യം മാറുമ്പോൾ സമഗ്ര സർവേ ആവശ്യമുന്നയിച്ച് എൻ.എസ്.എസിന് സർക്കാറിനെ സമീപിക്കാമെന്നും നിയമപ്രകാരം വേണ്ടത് ചെയ്യണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.