കുടിയൊഴിപ്പിക്കലിനിടെ ദമ്പതികളുടെ മരണം: മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് സർക്കാർ
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ മരിച്ച ദമ്പതികളുടെ മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് സർക്കാർ. രാജന്‍റെയും അമ്പിളിയുടെയും രണ്ട് മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കുട്ടികൾക്ക് വീടും സ്ഥലവും നൽകും.
വിഷയം വലിയ വിവാദമായതിനെത്തുടർന്ന് മുഖ്യമന്ത്രി തന്നെയാണ് വിഷയത്തിൽ അടിയന്തരനിർദേശം നൽകിയത്. ഇന്ന് തൃശ്ശൂരിലും എറണാകുളത്തുമായി കേരളപര്യടനപരിപാടിയിലാണ് മുഖ്യമന്ത്രി.
അതേസമയം, കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുക്കുമെന്ന് ഡി.വൈ.എഫ്.ഐയും വ്യക്തമാക്കി. കുട്ടികളുടെ പഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുക്കുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാനസെക്രട്ടറി എം.എ റഹീം അറിയിച്ചു.
കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവർക്ക് മുന്നിൽ നെയ്യാറ്റിൻകര നെല്ലിമൂട് പോങ്ങിൽ നെട്ടതോട്ടം കോളനിക്കു സമീപം താമസിക്കുന്ന രാജൻ കുടിയൊഴിപ്പിക്കൽ തടയാനായി ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെയാണ് പൊള്ളലേറ്റ് മരിച്ചത്. ഈ മാസം 22നായിരുന്നു സംഭവം.
ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. കോടതി ഉത്തരവിനെത്തുടർന്ന് കുടിയൊഴിപ്പിക്കാനായി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് രാജൻ ഭാര്യയെ ചേർത്തു പിടിച്ചുകൊണ്ട് ലൈറ്റർ കത്തിച്ചത്. ഇത് പൊലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേൽക്കുകയായിരുന്നു. ഇന്ന് പുലർച്ചെയോടെ രാജനും രാത്രിയിൽ ഭാര്യ അമ്പിളിയും മരിച്ചു.
നേരത്തേ യൂത്ത് കോൺഗ്രസും കുട്ടികൾക്ക് വീടും സ്ഥലവും നൽകാൻ സന്നദ്ധത അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.