ദിലീപ് അടക്കമുള്ളവരുടെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ കൂടുതൽ അന്വേഷണം വേണമെന്ന് സർക്കാർ
text_fieldsകൊച്ചി: സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് അന്വേഷിച്ചാൽ മാത്രമേ നടൻ ദിലീപടക്കം പ്രതികൾക്കെതിരെ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരാനാകൂവെന്ന് സർക്കാർ ഹൈകോടതിയിൽ. കാര്യക്ഷമമായ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി ഹൈകോടതിയുടെ മറ്റൊരു ബെഞ്ച് തള്ളിയതാണ്. ഈ സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കാനാവില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയെ അറിയിച്ചു. എഫ്.ഐ.ആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജിയിൽ പ്രോസിക്യൂഷന്റെ വാദം വ്യാഴാഴ്ചയും തുടരും.
കേസ് കെട്ടിച്ചമച്ചതാണെന്ന വാദം ദിലീപിന്റെ അഭിഭാഷകൻ ആവർത്തിച്ചു. അന്വേഷണത്തിന് നേതൃത്വം നൽകുന്ന എ.ഡി.ജി.പി ശ്രീജിത്ത് നിരവധി കേസുകളിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനാണെന്നും അഭിഭാഷകൻ വാദിച്ചു. എഫ്.ഐ.ആർ റദ്ദാക്കാനാകില്ലെങ്കിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.