കുട്ടികളുടെ സ്കൂൾ ബാഗ് ഭാരം കുറക്കുന്നത് സംബന്ധിച്ച് സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്ന് വി. ശിവൻകുട്ടി
text_fieldsകൊച്ചി: കുട്ടികളുടെ സ്കൂൾ ബാഗ് ഭാരം കുറക്കുന്നത് സംബന്ധിച്ച് സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. എറണാകുളം ഗേൾസ് ഹൈസ്കൂളിൽ നടന്ന മേഖലാതല ഫയൽ അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം സംബന്ധിച്ച് നിരവധിയായ പരാതികളും നിർദേശങ്ങളും രക്ഷിതാക്കളുടെ ഭാഗത്തുനിന്നും മറ്റ് പൊതു വിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്നവരുടെ ഭാഗത്തുനിന്നും ഉയർന്നുവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
പാഠപുസ്തകങ്ങളുടെ ഭാരം കുറക്കുന്നതിന് വേണ്ടി നിലവിൽ എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളായിട്ടാണ് കുട്ടികൾക്ക് അച്ചടിച്ച് വിതരണം ചെയ്യുന്നത്. ഒരു ഭാഗത്തിന് നൂറിനും നൂറ്റി ഇരുപതിനും ഇടയിലുള്ള പേജുകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. എന്നിരുന്നാലും ആകെ സ്‌കൂൾ ബാഗുകളുടെ ഭാരം കൂടുതലാണെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ട്.
ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം ഒന്നേ പോയിന്റ് ആറ് മുതൽ രണ്ടേ പോയിന്റ് രണ്ടും കിലോയ്ക്ക് ഇടയിലും പത്താം ക്ലാസിലെ കുട്ടികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം രണ്ടര കിലോയ്ക്കുംനാലര കിലോയ്ക്കും ഇടയിൽ ആക്കുന്ന വിധത്തിൽ ക്രമീകരണങ്ങൾ നടത്തുവാൻ നിർദേശം നൽകുന്നതാണ്. കൂടാതെ മാസത്തിൽ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങൾ എന്ന കാര്യം നടപ്പിലാക്കുന്നതും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.