മാലിന്യസംസ്കരണത്തിന് വെബ്സൈറ്റ് ആരംഭിക്കുമെന്ന് സർക്കാർ
text_fieldsകൊച്ചി: മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിന് വെബ്സൈറ്റ് ആരംഭിക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ അറിയിച്ചു. ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം അംഗീകരിച്ചാണ് സർക്കാറിന്‍റെ മറുപടി.
അതേസമയം, ഏഴു വർഷത്തിനിടെ 31 കോടി മാലിന്യസംസ്കരണത്തിന് ചെലവാക്കിയെന്നും കരാറുകാരായ സോണ്ടയുടെ പ്രവർത്തനം തൃപ്തികരമല്ലെന്നും കൊച്ചി കോർപറേഷൻ സെക്രട്ടറി അറിയിച്ചു. ബ്രഹ്മപുരം തീപിടിത്തം സംബന്ധിച്ച സ്വമേധയാ ഹരജി പരിഗണിക്കവെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കരാർ കമ്പനിയുടെ പ്രവർത്തനത്തിൽ തൃപ്തി ഉണ്ടായിരുന്നില്ലെന്ന് കോർപറേഷൻ സെക്രട്ടറി പറഞ്ഞു.
കരാറിന്റെ ആകെ മൂല്യം എത്രയാണെന്ന് കോടതി ആരാഞ്ഞപ്പോൾ മാസം 30 ലക്ഷം രൂപയാണ് നൽകുന്നതെന്ന് സെക്രട്ടറി മറുപടി നൽകി. രണ്ടു വർഷത്തേക്കായിരുന്നു കരാറെങ്കിലും ഒരു വർഷം കഴിഞ്ഞപ്പോൾ കമ്പനിയുമായുള്ള കരാർ തുടരേണ്ടതില്ലെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കോർപറേഷൻ കൗൺസിലിന്‍റെ തീരുമാനമുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ എന്നാണ് കോർപറേഷൻ തീരുമാനമെടുക്കുന്നതെന്ന് കോടതി ആരാഞ്ഞു.
ബ്രഹ്മപുരത്ത് ഇപ്പോഴും ജാഗ്രത തുടരുന്നതായി കലക്ടർ പറഞ്ഞു. അഗ്നിശമന സേന യൂനിറ്റുകൾ സ്ഥലത്തുണ്ട്. വായുവിന്റെ നിലവാരവും ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും വിശദീകരിച്ചു. കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ ആർക്കാണ് ഉത്തരവാദിത്തമെന്ന് വ്യക്തത വേണമെന്ന് പറഞ്ഞ കോടതി, ബ്രഹ്മപുരത്ത് പുതിയ ടെൻഡർ വിളിച്ചതിന്‍റെ ഫയൽ ഹാജരാക്കാൻ കോർപറേഷന് നിർദേശം നൽകി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ക്ലിയറൻസോടെയാകണം കരാറുണ്ടാക്കേണ്ടിയിരുന്നത്. ഉറവിട മാലിന്യ സംസ്കരണം ഫലപ്രദമാക്കുന്ന കാര്യത്തിൽ എല്ലാവരുമായി ചർച്ച നടത്തി തീരുമാനമെടുക്കണം. ഇതിന് ദ്രുത കർമസേന രൂപവത്കരിക്കണം. നവകേരള പരിപാടിയിൽ മാലിന്യവിഷയം ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.