പി.എസ്.സി.യുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം -മുഖ്യമന്ത്രി
text_fieldsകോട്ടയം: കേരള പബ്ലിക് സർവീസ് കമീഷന്‍റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ സർക്കാർ വലിയ പരിഗണന നൽകി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം ജില്ലാ ഓഫിസിന് പുതുതായി പണിത ബഹുനില കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രളയ കാലത്തും കോവിഡ് കാലത്തും കേരള പി.എസ്.സി. നടത്തിയ പ്രവർത്തനം മാതൃകാപരമാണ്. എല്ലാ കാര്യങ്ങളിലും യു.പി.എസ്.സിയേക്കാൾ ഏറെ മുന്നിലാണ് കേരള പി.എസ്.സി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരള പി.എസ്.സിയുടെ പ്രവർത്തനങ്ങൾ പഠിക്കാൻ പഠനസംഘങ്ങൾ വരുന്നത് മികവിനുള്ള അംഗീകാരമാണ്. അഴിമതി വിമുക്തരായ ജീവനക്കാരാണ് കേരള പി.എസ്.സി.യുടെ പ്രത്യേകതയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അഡ്വ. എം.കെ. സക്കീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ, രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കമീഷനംഗം സി. സുരേശൻ, ഡോ. കെ.പി. സജിലാൽ, മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, മുനിസിപ്പൽ കൗൺസിലർ ജൂലിയസ് ചാക്കോ എന്നിവർ ആശംസകളർപ്പിച്ചു.
കേരള അഡ്മിനിസ്ട്രേഷൻ സർവീസ് ആദ്യ തെരഞ്ഞെടുപ്പ് മികച്ച നിലയിൽ പൂർത്തികരിക്കുവാൻ നേതൃത്വം കൊടുത്ത പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീറിന് കേരള സർക്കാരിന്‍റെ ആദരമർപ്പിച്ചു കൊണ്ടുള്ള ഉപഹാരം മുഖ്യമന്ത്രി ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. പി.ഡബ്ല്യു.ഡി ബിൽഡിങ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീലേഖ. പി റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി സാജു ജോർജ് സ്വാഗതവും ജില്ലാ പി.എസ്.സി ഓഫിസർ മനോജ്കുമാർ പിള്ള കെ.ആർ നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.