ഗവർണർ പ്രവർത്തിക്കുന്നത് ആർ.എസ്.എസ് നിർദേശം അനുസരിച്ച് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്രമസമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ഗവർണറാണെന്നത് മറന്ന് ആർ.എസ്.എസ് നിർദേശ പ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. സി.പി.ഐ.എം കേരള എന്ന ഫെസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ഗവർണറുടെ പ്രകടനം വീക്ഷിക്കുന്ന ഏതൊരാളും ഇദ്ദേഹത്തിന് എന്താണ് പറ്റിയതെന്ന് ആലോചിക്കും. ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ഉപയോഗിക്കാനാകുന്ന വാക്കുകളാണോ അദ്ദേഹം പറഞ്ഞത്. ഗവർണർ ജനപ്രതിനിധിയായും മന്ത്രിയായും ഇരുന്നിട്ടുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുമുണ്ട്. അങ്ങനെ ഒരാൾക്ക് എങ്ങനെയാണ് പ്രക്ഷോഭകരെ ക്രിമിനൽസ് എന്ന് വിളിക്കാൻ കഴിയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ..
ഗവർണർ കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. കേരള ഗവർണറാണെന്ന കാര്യം അദ്ദേഹം മറന്നുപോകുന്നു. ആർഎസ്എസ് നിർദേശമാണ് ഗവർണർ സ്വീകരിച്ചത്. ഗവർണർ എന്തൊക്കെയോ വിളിച്ചുപറയുന്ന അവസ്ഥയിലാണ്. അദ്ദേഹത്തിന്റെ നടപടി സ്വാഭാവിക പ്രതിഷേധം ക്ഷണിച്ചുവരുത്തി. കേന്ദ്ര സഹായത്താലാണ് സർവകലാശാലകളിൽ ആളുകളെ കണ്ടെത്തി നിയമിച്ചത്. ആർഎസ്എസ് നിർദേശമാണ് ഗവർണർ സ്വീകരിച്ചത്. അതാണ് വിദ്യാർഥി പ്രതിഷേധത്തിന് ഇടയാക്കിയത്.
ഗവർണർ ജനപ്രതിനിധിയായും മന്ത്രിയായും ഇരുന്നിട്ടുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുമുണ്ട്. അങ്ങനെ ഒരാൾക്ക് എങ്ങനെയാണ് പ്രക്ഷോഭകരെ ക്രിമിനൽസ് എന്ന് വിളിക്കാൻ കഴിയുന്നത്. ആ രീതിയിലാണോ ഒരു പൊതുപ്രവർത്തകൻ പ്രക്ഷോഭത്തെ സമീപിക്കേണ്ടത്. എത്ര വിവേകമില്ലാത്ത നടപടിയാണിത്. അദ്ദേഹത്തിന്റെ പ്രകടനം വീക്ഷിക്കുന്ന ഏതൊരാളും ഇദ്ദേഹത്തിന് എന്താണ് പറ്റിയതെന്ന് ആലോചിക്കും. ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ഉപയോഗിക്കാനാകുന്ന വാക്കുകളാണോ അദ്ദേഹം പറഞ്ഞത്. ഓരോ കാര്യത്തിലും പരമാവധി പ്രകോപനം സൃഷ്ടിക്കാനാണ് ഗവർണർ ശ്രമിച്ചത്.
ഇന്നേവരെ ഏതെങ്കിലും ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി അയാൾക്കെതിരെ കരിങ്കൊടി കാണിക്കുന്ന ആളെ അങ്ങോട്ട് പാഞ്ഞടുത്ത് നേരിടാൻ പോയിട്ടുണ്ടോ? എന്താണ് അതിന്റെ അർഥം. എത്രമാത്രം പ്രകോപനപരമായിട്ടാണ് കാര്യങ്ങൾ മുന്നോട്ട് നീക്കുന്നത്. നമ്മുടെ നാട്ടിലെ സമാധാനപരമായ അന്തരീക്ഷം ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നിലവിൽ നടക്കുന്നത് - മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.