എസ്.എഫ്.ഐ മുൻ നേതാവിന് മാർക്ക് ദാനം ഗവർണർ റദ്ദാക്കി
text_fieldsതിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല എസ്.എഫ്.ഐ മുൻ നേതാവിന് ദാനമായി നൽകിയ മാർക്ക് ഗവർണർ റദ്ദാക്കി. വിമൻസ് സ്റ്റഡീസ് അസി. പ്രഫസറായി കരാർജോലി ചെയ്യുന്ന കെ. ഡയാനക്ക് മാർക്ക് നൽകിയ നടപടിയാണ് ചാന്‍സലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റദ്ദാക്കിയത്. 2009ലെ എം.എ. പരീക്ഷയിൽ ലഭിച്ച മാർക്കിൽ എട്ടുവർഷത്തിനു ശേഷം 17 മാർക്ക് വർധന വരുത്തിയത് ഏറെ വിവാദമായിരുന്നു.
കാലിക്കറ്റ് സർവകലാശാല സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ നൽകിയ പരാതിയിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി രജിസ്ട്രാർ ഡോ.ഇ.കെ. സതീഷ്, ഡയാന എന്നിവരുടെ വാദങ്ങൾ കേട്ട ശേഷമാണ് നടപടി.
ഹാജറിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഇന്റേണൽ മാർക്കിൽ വ്യത്യാസം വരുത്താൻ സർവകലാശാല റെഗുലേഷനിൽ വ്യവസ്ഥയില്ലെന്നും ഹാജർ കുറവായിട്ടും സർവകലാശാലയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതിയ ഡയാനക്ക് എട്ടുവർഷം കഴിഞ്ഞ് 17 മാർക്ക് കൂട്ടി നൽകിയത് മാർക്ക് ദാനമാണെന്നുമായിരുന്നു പരാതിക്കാരന്റെ വാദം. മാർക്ക് ദാനം മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ, സെക്രട്ടറി എം. ഷാജർഖാൻ, സിൻഡിക്കേറ്റ് അംഗം ഡോ.പി. റഷീദ് അഹമ്മദ്, മാധ്യമപ്രവർത്തകർ എന്നിവരെ എതിർകക്ഷികളാക്കി ഡയാന കോഴിക്കോട് മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ കഴിഞ്ഞ മാസം മുതൽ വാദം തുടരുന്നതിനിടെയാണ് മാർക്ക് ദാനം റദ്ദാക്കിയുള്ള ഗവർണറുടെ ഉത്തരവ്. പരാതിക്കാരനുവേണ്ടി അഡ്വ. നവനീത് കൃഷ്ണൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.