ഗവർണർ ഒപ്പിട്ടില്ലെങ്കിലും പിന്നോട്ടില്ല; സഹകരണ നിയമഭേദഗതിക്ക് സമിതി
text_fieldsതിരുവനന്തപുരം: നിയമസഭ പാസാക്കിയ സഹകരണ നിയമഭേദഗതി ഗവർണർ ഒപ്പുവെച്ചില്ലെങ്കിലും തുടർനടപടി വേഗത്തിലാക്കി സർക്കാർ. നിയമഭേദഗതി ചട്ടങ്ങൾക്ക് സമിതി രൂപവത്കരിച്ച് ഉത്തരവായി. സഹകരണ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരുന്നതിനും ക്രമക്കേട് ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ട് തയാറാക്കിയ കേരള സഹകരണ സംഘം സമഗ്ര ഭേദഗതി ബിൽ നിയമസഭ ഐകകണ്ഠ്യേനയാണ് പാസാക്കിയത്.
നിയമഭേദഗതിക്ക് അനുസൃതമായി ചട്ടങ്ങൾ ഉണ്ടാക്കാനുള്ള സമിതിയിൽ സഹകരണ സംഘം രജിസ്ട്രാർ അധ്യക്ഷനും നിയമനിർമാണ വകുപ്പ് അഡീഷനൽ സെക്രട്ടറി, സഹകരണ വകുപ്പ് അഡീഷനൽ സെക്രട്ടറി, സഹകരണ സർവിസ് പരീക്ഷ ബോർഡ് മുൻ ചെയർമാൻ അഡ്വ.സതീന്ദ്രകുമാർ, മുൻ അഡീഷനൽ രജിസ്ട്രാർ അഡ്വ. ജോസ് ഫിലിപ്, സഹകരണ സംഘം രജിസ്ട്രാർ ഓഫിസ് ലോ ഓഫിസർ, സഹകരണ തെരഞ്ഞെടുപ്പ് കമീഷണർ, ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം) എന്നിവർ അംഗങ്ങളുമാണ്.
ചട്ട രൂപവത്കരണത്തിന് സമിതി വേമെന്ന സഹകരണ സംഘം രജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
അമ്പതുവർഷം പിന്നിട്ട 1969 കേരള സഹകരണ നിയമത്തിൽ സമഗ്ര ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്. വായ്പാ സഹകരണ സംഘം ഭാരവാഹികൾ തുടർച്ചയായി മൂന്നുതവണയിലധികം ഭരണസമിതി അംഗങ്ങളാവാൻ പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ.
വിവിധ സഹകരണ സംഘങ്ങളുടെ നിർവചനങ്ങളിൽ കാലോചിതമാറ്റം, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ തുടങ്ങിയവർക്കായി സോഷ്യൽ സഹകരണ സംഘങ്ങൾ, അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റ്, ഏകീകൃത സോഫ്റ്റ്വെയർ, കമ്പ്യൂട്ടർ അധിഷ്ഠിത അക്കൗണ്ടിങ്ങും ഓഡിറ്റും, ടീം ഓഡിറ്റ്, യുവസംഘങ്ങൾ തുടങ്ങിയവയും പുതിയ വ്യവസ്ഥകളിലുണ്ട്. എന്നാൽ ഗവർണർ ഒപ്പിടാത്തതുമൂലം നിയമം എന്ന് നടപ്പാക്കാനാവുമെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.