ഗവർണർക്ക് അർഹിക്കുന്ന ബഹുമാനം നൽകുന്നുണ്ട് -ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: ഗവർണർക്ക് അർഹിക്കുന്ന ബഹുമാനം നൽകുന്നുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒരു സ്വകാര്യ മലയാള ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഗവർണർക്ക് ആവശ്യമായ ഫണ്ട് നൽകുന്നില്ല എന്ന ആരോപണം ബാലിശമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താൽപര്യം മുൻനിർത്തിയുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. ഗവർണറെ ന്യായീകരിക്കുന്ന പ്രധാനമന്ത്രി അൽപം വർഷങ്ങൾ പുറകിലേക്ക് പോയി നോക്കണം. നരേന്ദ്ര മോദി 2011ൽ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗവർണർ പദവിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെടുത്ത നിലപാട് എന്തായിരുന്നു? കമല ബേനിവാൾ എന്ന മുൻ കോൺഗ്രസ് നേതാവായ ഗവർണറുമായി തുറന്ന പോരിലായിരുന്നില്ലേ അന്ന് മോദി. അന്ന് നരേന്ദ്ര മോദി ആർട്ടിക്കിൾ 163 നെകുറിച്ച് വാചാലനാവുകയായിരുന്നില്ലേ?
ഗവർണർ മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശം അനുസരിച്ച് നീങ്ങണമെന്നാണ് ആർട്ടിക്കിൾ 163 പറയുന്നത്. ഗുജറാത്തിലെ ഗവർണറുടെ അധികാര പരിധി കുറയ്ക്കാനുള്ള നടപടികളല്ലേ അന്ന് നരേന്ദ്ര മോദി മന്ത്രിസഭ തീരുമാനിച്ച് നടപ്പാക്കിയത്?
2013ൽ മോദി ഗുജറാത്ത് യൂനിവേഴ്സിറ്റീസ് ലോ (അമെൻഡ്മെന്റ്) ബിൽ അവതരിപ്പിച്ച് പാസാക്കി. ബില്ലിൽ സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനങ്ങളിൽ ഗവർണർക്കുള്ള അധികാരം വെട്ടിച്ചുരുക്കി. എന്നാൽ ഈ ബില്ല് ഗവർണർ കമലാ ബേനിവാൽ തിരിച്ചയച്ചു.
ഗവർണറുമായുള്ള അന്നത്തെ തന്റെ കൊമ്പുകോർക്കൽ പവിത്രം, ഇവിടെ ഗവർണറെ വിമർശിച്ചാൽ കുഴപ്പം എന്ന രീതി ശരിയല്ല. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ഗവർണർ സംസ്ഥാനത്തെ ഭരണഘടന തലവനാണ്. എന്നാൽ ഗവർണർക്ക് ഭരണനിർവഹണ അധികാരമില്ല എന്നതാണ് യാഥാർഥ്യം.
എക്സിക്യൂട്ടിവ് അധികാരം തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറിനാണ്. അതുകൊണ്ട് സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാനുള്ള ഭരണഘടനപരമായ ബാധ്യതയാണ് ഗവർണർക്കുള്ളതെന്നും ശിവൻകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.