'ഗവർണർ മതിഭ്രമം വന്ന ഏകാധിപതിയെ പോലെ'; രൂക്ഷ വിമർശനവുമായി ഡി.വൈ.എഫ്.ഐ
text_fieldsതിരുവനന്തപുരം: മാധ്യമങ്ങളെ പരസ്യമായി അപമാനിക്കുകയും അധിക്ഷേപിച്ച് ഇറക്കിവിടുകയും ചെയ്ത ഗവര്‍ണര്‍ കേരളത്തിന് അപമാനവും ബാധ്യതയുമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്.
ഒരു ഭരണഘടന സ്ഥാപനത്തിന്റെ തലവനാണ് ഗവർണർ. ജനാധിപത്യത്തെ സംരക്ഷിക്കാൻ ചുമതലപ്പെട്ട ഇദ്ദേഹം രാഷ്ട്രീയ ജ്വരവും അധികാരാന്ധതയും ബാധിച്ച് മതിഭ്രമം വന്ന ഏകാധിപതിയെ പോലെയാണ് പെരുമാറുന്നത്. ജനാധിപത്യ വിരുദ്ധമായി മാധ്യമ വിലക്ക് പ്രഖ്യാപിച്ച് തനിക്ക് ഇഷ്ടമില്ലാത്ത മാധ്യമങ്ങളെ നോക്കി പുറത്താക്കുന്ന ഈ അയിത്തത്തിനെ പറ്റി മറ്റ് മാധ്യമങ്ങളുടെ നിലപാടറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മാധ്യമങ്ങളെ പരസ്യമായി അപമാനിക്കുകയും അധിക്ഷേപിച്ച് ഇറക്കി വിടുകയും ചെയ്തിരിക്കുകയാണ് ഗവർണർ. പത്രസമ്മേളനത്തിലേക്ക് വിളിച്ചു വരുത്തി കൈരളി, മീഡിയ വൺ എന്നീ ചാനൽ റിപ്പോർട്ടർമാരെ ധ്യാർഷ്ട്യത്തോടെ പുറത്താക്കുകയായിരുന്നു. നാളിതു വരെ ഗവർണർക്ക് കുഴലൂത്ത് നടത്തിയ ജയ്ഹിന്ദ് ചാനലിനെ പത്രസമ്മേളനത്തിലേക്ക് വിളിച്ചതുമില്ല. ഗവർണറുടെ ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ച് റിപ്പോർട്ടർ ചാനൽ പത്രസമ്മേളനം ബഹിഷ്കരിച്ച് നട്ടെല്ലുള്ള നിലപാട് സ്വീകരിച്ചു.
എന്നാൽ, മറ്റ് മാധ്യമങ്ങൾ അഹങ്കാരവും അധികാരമത്തും ബാധിച്ച ഗവർണറുടെ നടപടിക്ക് ശേഷവും യാതൊരു ജനാധിപത്യ ബോധവും കാണിക്കാതെ അവിടെ തുടരുന്നതും കണ്ടു. ഏറ്റവും ജനാധിപത്യ വിരുദ്ധമായി മാധ്യമ വിലക്ക് പ്രഖ്യാപിച്ച് തനിക്ക് ഇഷ്ടമില്ലാത്ത മാധ്യമങ്ങളെ നോക്കി പുറത്താക്കുന്ന ഈ അയിത്തത്തിനെ പറ്റി മറ്റ് മാധ്യമങ്ങളുടെ നിലപാടറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ട്.
ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലവനാണ് ഗവർണർ. ജനാധിപത്യത്തെ സംരക്ഷിക്കാൻ ചുമതലപ്പെട്ട ഒരാൾ എന്നാൽ രാഷ്ട്രീയ ജ്വരവും അധികാരാന്ധതയും ബാധിച്ച് മതിഭ്രമം വന്ന ഏകാധിപതിയെ പോലെയാണ് ഗവർണർ പെരുമാറുന്നത്. ഗവർണർ ആധുനിക ജനാധിപത്യ കേരളത്തിന് അപമാനവും ബാധ്യതയുമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ഗവർണറുടെ മാധ്യമ അയിത്തത്തിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.