ഗവർണർ കളിച്ചത് രാഷ്ട്രീയം; രണ്ടും കൽപ്പിച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശനിയാഴ്ച സൃഷ്ടിച്ച നാടകീയ സംഭവങ്ങൾ കേന്ദ്ര ഇടപെടലിനുള്ള ബോധപൂർവ നീക്കമായിരുന്നെന്ന വിലയിരുത്തലിൽ സർക്കാർ. സമരക്കാർ വാഹനത്തിൽ ഇടിച്ചെന്നും തടയാൻ ശ്രമിച്ചെന്നുമുള്ള ഗവർണറുടെ വാദം കള്ളമാണെന്ന് ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാപിക്കുന്നതിനൊപ്പം കാര്യങ്ങൾ കൈവിട്ട സാഹചര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സി.പി.എമ്മും സർക്കാറും.
പുറത്ത് ഏറ്റുമുട്ടുമ്പോഴും നിയമസഭയിൽ ഭരണഘടന ഉത്തരവാദിത്തമായ നയപ്രഖ്യാപനം ഗവർണർ നിർവഹിക്കുമെന്നായിരുന്നു സർക്കാർ പ്രതീക്ഷ. ഗവർണർക്ക് വായിക്കേണ്ടതിനാൽ കേന്ദ്ര സർക്കാറിനെതിരായ പരാമർശങ്ങൾ മയപ്പെടുത്തിയാണ് നയപ്രഖ്യാപനം തയാറാക്കിയത്. എന്നാൽ, ഒത്തുതീർപ്പിന്റെ സകലവഴികളും അടച്ച് 1.23 മിനിറ്റിൽ സാങ്കേതികമായ നയപ്രഖ്യാപനം പൂർത്തിയാക്കിയ ഗവർണർ, സർക്കാറിന് അപ്രതീക്ഷിത തിരിച്ചടിയാണ് നൽകിയത്.
പിന്നാലെ, നിലമേലിൽ നാടകീയ നീക്കങ്ങളിലൂടെ സർക്കാറിനെ സമ്മർദത്തിലാക്കുകയും ഭരണത്തലവന് സുരക്ഷയൊരുക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടു എന്ന ധാരണ കേന്ദ്രത്തിൽ സൃഷ്ടിക്കുകയും ചെയ്തു. ക്രമസമാധാനനില അപകടത്തിലാണെന്ന് വരുത്തി കൂടുതൽ കേന്ദ്ര ഇടപെടലാണ് ഗവർണർ പ്രതീക്ഷിക്കുന്നത്.
വരുംദിവസങ്ങളിലും സമീപനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഇതാണ് വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലേക്ക് മുന്നണിയെയും സർക്കാറിനെയും എത്തിച്ചത്. പാട്ടാളമിറങ്ങിയാലും പ്രക്ഷോഭത്തിൽനിന്ന് പിന്നോട്ടില്ലെന്ന എം.വി. ഗോവിന്ദന്റെ നിലപാട് ഇത് അടിവരയിടുന്നു.
ഒപ്പം കേന്ദ്രത്തിന്റെ രാഷ്ട്രീയ ചട്ടുകമായി ഗവർണർ മാറിയെന്ന വസ്തുത ജനങ്ങളിലെത്തിക്കും. സി.ആർ.പി.എഫ് സംരക്ഷണം നൽകിയ ആർ.എസ്.എസ് നേതാക്കളുടെ പട്ടികയിലേക്ക് ഗവർണറെ കൂടി എണ്ണി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത് ഇതിന്റെ തുടക്കമാണ്. സി.പി.എമ്മിന്റെ ശ്രദ്ധമുഴുവൻ എട്ടിന് ഡൽഹിയിൽ നടക്കുന്ന സമരത്തിലാണ്. ഇതിനുശേഷം യുവജന-വിദ്യാർഥി സംഘടനകളെ അണിനിരത്തി ഗവർണർക്കെതിരെ സമരം ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.