ചാൻസലറെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് ഗവർണർ മടക്കി; നിയമസഭയിൽ വെക്കട്ടെയെന്ന്
text_fieldsതിരുവനന്തപുരം/ന്യൂഡൽഹി: സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് രാജ്ഭവൻ സർക്കാറിലേക്ക് മടക്കി. ഡിസംബർ അഞ്ചുമുതൽ നിയമസഭ സമ്മേളനം വിളിച്ച സാഹചര്യത്തിലാണ് ഗവർണർ ഓര്‍ഡിനന്‍സ് മടക്കിയത്. നിയമസഭ വിളിച്ചതോടെ ഓർഡിനൻസ് അപ്രസക്തമായിരുന്നു.
നിയമസഭ ചേരാൻ തീരുമാനിച്ചതിനാൽ ഓർഡിനൻസ് അപ്രസക്തമായെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബുധനാഴ്ച ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഓര്‍ഡിനന്‍സിന്റെ ഫയൽ ചൊവ്വാഴ്ചയാണ് ചീഫ് സെക്രട്ടറിക്ക് തിരികെ നൽകിയത്. ഓർഡിനൻസിന് പകരം ബിൽ നിയമസഭയിൽ കൊണ്ടുവരുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ബിൽ സഭ അംഗീകരിച്ചാലും നിയമമാകാൻ ഗവർണറുടെ അംഗീകാരം ആവശ്യമാണ്. എന്നാൽ, തന്നെ ബാധിക്കുന്ന വിഷയമായതിനാൽ ബിൽ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുമെന്നാണ് ഗവർണറുടെ നിലപാട്.
മാസങ്ങൾ കഴിഞ്ഞിട്ടും നിയമസഭ അംഗീകരിച്ച ആറ് ബില്ലുകൾക്ക് ഗവർണറുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഇതിൽ, വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സമിതിയിൽ സർക്കാർ പ്രതിനിധികളുടെ എണ്ണം വർധിപ്പിക്കുന്ന സർവകലാശാല നിയമഭേദഗതി ബിൽ, ലോകായുക്ത നിയമ ഭേദഗതി ബിൽ, സഹകരണ നിയമഭേദഗതി ബിൽ എന്നിവ സർക്കാറിന് ഏറെ താൽപര്യമുള്ളവയാണ്.
ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്ന ഓര്‍ഡിനന്‍സിൽ ഒപ്പുവെക്കില്ലെന്ന് തുടക്കത്തിലേ ഗവർണർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് നിയമസഭ സമ്മേളനം വിളിച്ച് ബിൽ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.
നിയമവിരുദ്ധ നടപടികൾ സർക്കാർ ചെയ്യുന്നത് സാധാരണമായെന്നും ഗവർണർ ആരോപിച്ചു. 'കേരളത്തിലെ സർവകലാശാലകളിൽ നിയമലംഘനങ്ങൾ നടന്നുവെന്ന് കോടതി അംഗീകരിച്ചു. ഇനിയെല്ലാം കോടതി തീരുമാനിക്കും. സഭ സമ്മേളിക്കുമ്പോൾ ചാൻസലറെ നീക്കാനുള്ള ബിൽ കൊണ്ടുവരുമോ എന്ന കാര്യം എനിക്ക് അറിയില്ല'' -അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണറുടെ അതിഥികൾക്ക് സഞ്ചരിക്കാൻ ആറുമാസത്തേക്ക് മൂന്ന് ഇന്നോവ കാറുകൾ ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിന് കത്തയച്ചത് വലിയ കാര്യമൊന്നുമെല്ലന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.