കണ്ണൂർ സർവകലാശാല പഠന ബോർഡ് സമർപ്പിച്ച പട്ടിക ഗവർണർ മടക്കി
text_fieldsതിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ വിവിധ പഠന ബോർഡുകളിലേക്ക് വൈസ് ചാൻസലർ നിർദേശിച്ച പട്ടിക ഗവർണർ നിരസിച്ചു. നിർദേശിച്ചവരിൽ അംഗീകാരമില്ലാത്തവരും യോഗ്യതയില്ലാത്തവരുമായ അധ്യാപകരെ ഒഴിവാക്കി പകരം യോഗ്യരെ ഉൾപ്പെടുത്തി ലിസ്റ്റ് സമർപ്പിക്കാനും നിർദേശമുണ്ട്.
തനത് വിഷയങ്ങളിലെ വിദഗ്ധരെ ഒഴിവാക്കി വ്യത്യസ്തമായ വിഷയങ്ങളിൽ നിന്നും പഠന ബോർഡുകളിൽ ഉൾപ്പെടുത്തിയ അംഗങ്ങളെയും പട്ടികയിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെട്ടു. പഠന ബോർഡ് സ്വയം പുനഃസംഘടിപ്പിച്ച വി.സിക്ക് ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ നിന്നും തിരിച്ചടിക്ക് പുറമെ ഗവർണറുടെ നിലപാട് കനത്ത പ്രഹരമാണെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞവർഷം ചാൻസലറുടെ അധികാരം സ്വയം ഏറ്റെടുത്ത് വി.സി 72 പഠന ബോർഡുകൾ രൂപവത്കരിച്ചു. അടിസ്ഥാനയോഗ്യതയില്ലാത്ത 68 പേരെ അധ്യാപകരെന്ന നിലയിൽ പഠന ബോർഡുകളിൽ നിയമിച്ചതായി ആക്ഷേപം വന്നിരുന്നു. ഒരു മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗം നിയമിച്ചവരിൽപെടുന്നു. യോഗ്യതയുള്ള നൂറുകണക്കിന് സീനിയർ അധ്യാപകരെ ഒഴിവാക്കിയാണ് യോഗ്യതയില്ലാത്തവരെയും അധ്യാപന പരിചയം കുറഞ്ഞവരെയും നിയമിച്ചത്. കോടതി വിധി വന്നിട്ടും അതേ അംഗങ്ങളെ പഠന ബോർഡുകളിൽ നിലനിർത്തി ചാൻസലർ കൂടിയായ ഗവർണർ നാമനിർദേശം നടത്തണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർ ഗവർണർക്ക് കത്തയച്ചു. പഠന ബോർഡുകളിൽ ഉൾപ്പെട്ടവരുടെ പട്ടികയിൽ അംഗീകാരമില്ലാത്ത അധ്യാപകരും തനത് വിഷയങ്ങളിൽ വിദഗ്ധരായവർക്ക് പകരം വ്യത്യസ്ത വിഷയങ്ങളിൽ നിന്നുള്ളവരെ ബോർഡുകളിൽ ഉൾക്കൊള്ളിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ലിസ്റ്റ് ഗവർണർ തിരിച്ചയച്ചത്.
ഒരു വർഷമായി പഠന ബോർഡുകൾ കൂടാതെയാണ് സർവകലാശാലയിൽ അക്കാദമിക് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ, സെക്രട്ടറി എം. ഷാജർഖാൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.