മുഖ്യമന്ത്രിയുടെ പ്രതിനിധികൾ ഒമ്പതുതവണ രാജ്ഭവനിലെത്തിയെന്ന് ഗവർണർ
text_fieldsതിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനത്തിൽ മുഖ്യമന്ത്രിയുടെ നിയമോപദേശകനും ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയും ഒമ്പത് തവണ രാജ്ഭവനിലെത്തി സമ്മർദം ചെലുത്തിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ സമ്മർദത്തിന് വഴങ്ങിയത് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തെ തുടർന്നാണ്. അല്ലാത്തപക്ഷം രാഷ്ട്രീയ സമ്മർദത്തെ താൻ പ്രതിരോധിക്കുമായിരുന്നു.
ഒരു വിഷയത്തിൽ നിയമപ്രശ്നം വരുമ്പോൾ ഗവർണർ ആശ്രയിക്കുന്നത് സംസ്ഥാനത്തെ ഉയർന്ന നിയമ ഓഫിസർ എന്ന നിലയിൽ അഡ്വക്കറ്റ് ജനറലിനെയാണ്. അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വി.സിയുടെ പുനർനിയമനം നടത്തിയത്. എന്നാൽ, അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശം നിയമവിരുദ്ധമായിരുന്നു. അക്കാര്യം ഫയലിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വൈസ്ചാൻസലർ പദവി ഒഴിവുള്ള സർവകലാശാലകളിൽ നിയമനത്തിനുള്ള നടപടികൾ ചാൻസലർ എന്ന നിലയിൽ ആരംഭിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ സർക്കാറിന്റെ അഭിപ്രായം കേൾക്കാൻ തയാറാണെന്നും എന്നാൽ, രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങാൻ തയാറല്ലെന്നും ഗവർണർ വ്യക്തമാക്കി. മുഖ്യമന്ത്രി മാധ്യമങ്ങൾ വഴി ഗവർണറോട് സംസാരിക്കരുത്. അദ്ദേഹത്തെ സൗഹാർദപൂർവം രാജ്ഭവനിലേക്ക് ക്ഷണിക്കുകയാണ്. ഓർഡിനൻസിന്റെയും ബില്ലിന്റെയും അടിയന്തര സ്വഭാവം അദ്ദേഹം വിശദീകരിക്കട്ടെ. അദ്ദേഹത്തിന്റെ പാർട്ടിക്കാരും പിന്തുണക്കുന്നവരും ഭരണഘടനയെ മാനിക്കുന്നില്ല. അവർ പാക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിക്കരുത്, അവർ വിഘടനവാദവും പ്രാദേശികവാദവും പ്രചരിപ്പിക്കരുത്. ഇതെല്ലാം ഭരണഘടനാവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവൃത്തികളാണ്. വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ നിയമനത്തിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
നോമിനികളെ നൽകരുതെന്ന് സർക്കാർ സിൻഡിക്കേറ്റുകൾക്ക് നിർദേശം നൽകിയതിനാൽ ഒരു വർഷത്തോളമായി വി.സി നിയമന നടപടികൾ സ്തംഭിച്ചുനിൽക്കുകയാണ്. ആരാണ് വി.സി നിയമനം വൈകുന്നതിന് ഉത്തരവാദികൾ എന്ന് ഇതിലൂടെ വ്യക്തമാണ്. സെർച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തേടി മൂന്നു തവണ കേരള സർവകലാശാലക്ക് കത്തയച്ചു.
അവർ അതു നിരസിക്കുകയായിരുന്നു. ഇതിനെതുടർന്ന് രണ്ടംഗ സെർച് കമ്മിറ്റി രൂപവത്കരിച്ചപ്പോൾ ഹൈകോടതി അത് അംഗീകരിച്ചില്ല. എനിക്ക് മുന്നിൽ മറ്റു ബദൽ മാർഗങ്ങളില്ലായിരുന്നു. ഇപ്പോൾ സുപ്രീംകോടതി സാഹചര്യം വ്യക്തമാക്കിയിരിക്കുന്നു. സ്വാഭാവികമായും യു.ജി.സിയുടെയും സർവകലാശാലകളുടെയും നോമിനികളെ ലഭിക്കാൻ അൽപം സമയമെടുക്കും. ചാൻസലറുടെ നോമിനിയെ നൽകുന്നതിന് സമയപ്രശ്നമില്ലെന്നും ഗവർണർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.