രാജ്യം അമൃതകാലത്തിലേക്ക് കടക്കുകയാണെന്ന് ഗവർണർ
text_fieldsതിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം മാത്രമല്ല, രാജ്യം അമൃതകാലത്തിലേക്ക് കടക്കുക കൂടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കന്യാകുമാരിയിൽനിന്ന് ആരംഭിച്ച തിരംഗ യാത്രാസംഘത്തെ പാങ്ങോട് മിലിട്ടറി ക്യാമ്പിൽ സ്വീകരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള കാലമാണിത്.
അവർ നടത്തിയ ത്യാഗത്തിന്റെ ഫലമാണ് ഇന്ത്യക്കാർ അനുഭവിക്കുന്ന അഭിമാനജീവിതമെന്ന് ഗവർണർ പറഞ്ഞു. 2018 പ്രളയത്തിൽ കേരളത്തിൽ സൈന്യം നടത്തിയ രക്ഷാപ്രവർത്തനങ്ങൾ സ്മരിച്ച ഗവർണർ പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമയെ നന്ദി അറിയിക്കുകയും ചെയ്തു. കേരളത്തിന്റെ പാരമ്പര്യ ആയോധനകലയായ കളരിപ്പയറ്റ് മദ്രാസ് റെജിമെന്റും 'ജങ്ക് പഥക്' എന്ന കലാരൂപം മറാത്ത ലൈറ്റ് ഇൻഫെന്ററിയും അവതരിപ്പിച്ചു.
ഗാലന്ററി അവാർഡ് ജേതാക്കൾ, 'വീർ നാരി-വീർ മാതാ' (രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികരുടെ അമ്മമാരും ഭാര്യമാരും) എന്നിവർക്ക് ഗവർണർ ആദരവർപ്പിച്ചു. ഡാവിഞ്ചി സുരേഷ് സംവിധാനം ചെയ്ത ഹ്യൂമൻ ഇൻസിഗ്നിയ വേറിട്ട അനുഭവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.