‘ഗവർണർ കഴിയേണ്ടത് ഗെസ്റ്റ് ഹൗസിലല്ല; കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചുദിവസം താമസിപ്പിക്കണം’; പരിഹാസവുമായി കെ.ടി ജലീൽ
text_fieldsഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി. ജലീൽ എം.എൽ.എ. ആരിഫ് മുഹമ്മദ് ഖാൻ താമസിക്കേണ്ടത് കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗെസ്റ്റ് ഹൗസിലല്ലെന്നും കേന്ദ്ര സർക്കാർ അടിയന്തരമായി അദ്ദേഹത്തെ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. സർവകലാശാലകളെ കാവി പുതപ്പിക്കാനുള്ള ചാൻസലറുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഗവർണർക്കെതിരെ സമരത്തിലുള്ള എസ്.എഫ്.ഐക്ക് അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.
സർവകലാശാല സെനറ്റുകളിലെ നോമിനേറ്റഡ് സീറ്റുകളിൽ ആർ.എസ്.എസ് നോമിനികളെ നിയമിച്ച് ചാൻസലർ പദവി ഗവർണർ ദുരുപയോഗം ചെയ്യുകയാണെന്നാരോപിച്ച് എസ്.എഫ്.ഐ ശക്തമായ സമരവുമായി രംഗത്തെത്തിയതോടെ ഗവർണറും സർക്കാറും പരസ്യമായ ഏറ്റുമുട്ടലിലാണ്. എസ്.എഫ്.ഐയെ രംഗത്തിറക്കിയത് മുഖ്യമന്ത്രിയാണെന്നാണ് ഗവർണറുടെ ആരോപണം. ഇതിനെതിരെ രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ കലുഷിതാന്തരീക്ഷം സൃഷ്ടിക്കാന്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഗ്രഹിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. രാജ്യത്തിന്‍റെ ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണ് ഏതെങ്കിലും ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാള്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പാഞ്ഞടുക്കുക എന്നത്. ക്രിമിനല്‍സ്, ബ്ലഡി, റാസ്‌ക്കല്‍സ് എന്നൊക്കെയുള്ള കഠിന പദങ്ങളാണ് വിദ്യാർഥികൾക്ക് നേരെ വിളിച്ചുപറയുന്നത്. ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി ഈ വിധത്തിലാണോ ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കെ.ടി ജലീലിന്റെ കുറിപ്പ്:
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താമസിക്കേണ്ടത് കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലല്ല. കേന്ദ്ര സർക്കാർ അടിയന്തിരമായി അദ്ദേഹത്തെ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണം. കേരളത്തിലെ സർവകലാശാലകളെ കാവി പുതപ്പിക്കാനുള്ള ചാൻസലറുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ചെതിർക്കണം. സംഘിവത്കരണത്തെ പ്രതിരോധിക്കാൻ പോരാട്ട ഭൂമികയിൽ നിലയുറപ്പിച്ച എസ്.എഫ്.ഐ ചുണക്കുട്ടികൾക്ക് അഭിവാദ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.