ലോകായുക്ത ഭേദഗതി ഒാർഡിനൻസിൽ ഗവർണർ ഒപ്പിട്ടു
text_fieldsതിരുവനന്തപുരം: ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്ന നിയമ ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. തള്ളാൻ പ്രതിപക്ഷവും സ്വീകരിക്കാൻ സർക്കാറും സമ്മർദം ചെലുത്തുകയും പൊതുമണ്ഡലത്തിൽ രണ്ടാഴ്ചയോളം സജീവ ചർച്ചയാകുകയും ചെയ്ത ഓർഡിനൻസിന് ഒടുവിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അംഗീകാരം നൽകി.
ലോകായുക്തയുടെ വിധി ഇനി സർക്കാറിന് തള്ളാം. മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച രാത്രി നടത്തിയ ഒരു മണിക്കൂറോളം നീണ്ട ചർച്ചക്ക് പിന്നാലെയാണ് ഗവർണറുടെ നടപടി. പ്രതിപക്ഷ പ്രതിഷേധത്തിനും സി.പി.ഐയുടെ വിയോജിപ്പിനുമിടെ, ഗവർണറുടെ തീരുമാനം സർക്കാറിന് ആശ്വാസമായി.
മുഖ്യമന്ത്രിക്കും മന്ത്രി ആർ. ബിന്ദുവിനുമെതിരായ പരാതി ലോകായുക്ത പരിഗണനയിൽ നിൽക്കെയാണ് ഭേദഗതി നീക്കമെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാൽ, അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം, രണ്ടു ഹൈകോടതി വിധികളിലെ പരാമർശങ്ങൾ, പ്രോസിക്യൂഷൻ ഡയറ്കടർ ജനറലുടെ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഭേദഗതിയെന്നാണ് സർക്കാർ വിശദീകരണം.
ഓർഡിനൻസിനെതിരെ പ്രതിപക്ഷവും ബി.ജെ.പിയും നിയമവിദഗ്ധരും രംഗത്തുവന്നിരുന്നു. പ്രതിപക്ഷം ഗവർണറെ കണ്ട് എതിർപ്പറിയിച്ചതിനു പുറമെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ഗവർണർക്ക് കത്തും നൽകി.
ഭേദഗതി ഇങ്ങനെ
ലോകായുക്ത നിയമത്തിലെ മൂന്ന്, 14 വകുപ്പുകളിലാണ് ഭേദഗതി. അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാര സ്ഥാനത്ത് തുടരാൻ അർഹരല്ലെന്ന് വിധിക്കാൻ ലോകായുക്തക്ക് അധികാരമുണ്ട്. വിധി മേലധികാരിക്ക് നൽകുകയും അദ്ദേഹം അംഗീകരിച്ച് നടപ്പാക്കുകയും വേണമെന്നാണ് നിലവിലെ വ്യവസ്ഥ. വിധി വന്ന് മൂന്നു മാസത്തിനകം ഉയർന്ന മേലധികാരിക്ക് ഹിയറിങ് നടത്തി സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതി. മുഖ്യമന്ത്രിക്കും ഗവർണർക്കും ഹിയറിങ് നടത്താം. മന്ത്രിക്കെതിരെ വിധി വന്നാൽ മുഖ്യമന്ത്രിക്ക് ഹിയറിങ് നടത്തി തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാം. മൂന്നു മാസത്തിനകം ഹിയറിങ് നടത്തുന്നില്ലെങ്കിൽ വിധി അംഗീകരിക്കുന്നതായി കണക്കാക്കും.
ലോകായുക്തയുടെ യോഗ്യതയിലും ഭേദഗതി വരുത്തി. വിരമിച്ച സുപ്രീംകോടതി ജഡ്ജി അല്ലെങ്കിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരിക്കണമെന്ന വ്യവസ്ഥ മാറും. വിരമിച്ച ഹൈകോടതി ജഡ്ജിക്കും ഇനി ലോകായുക്തയാകാം. അവധിയോ രാജിയോ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താൽ പദവിയിൽ ഒഴിവുണ്ടായാൽ മുതിർന്ന ഉപലോകായുക്തയെ സ്ഥാനത്ത് താൽക്കാലികമായി നിയമിക്കാം. പുതിയ ലോകായുക്തയെ നിയമിക്കും വരെ ഉപലോകായുക്ത തുടരും. ലോകായുക്തയുടെ ഉയർന്ന പ്രായപരിധി 75 ആക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.