വെറ്ററിനറി യൂനിവേഴ്സിറ്റി വൈസ് ചാൻസിലറെ സസ്പെൻഡ് ചെയ്ത് ഗവർണർ
text_fieldsതിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തിനിടയായ സംഭവങ്ങളിൽ ഗുരുതരമായ കൃത്യവിലോപം വരുത്തിയതിന് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ.എം.ആർ. ശശീന്ദ്രനാഥിനെ ചാൻസലറായ ഗവർണർ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വെറ്ററിനറി സർവകലാശാല നിയമ പ്രകാരം ജുഡീഷ്യൽ അന്വേഷണത്തിനും ഗവർണർ ഉത്തരവിട്ടു. അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ വിട്ടുതരാൻ അഭ്യർഥിച്ച് ഹൈകോടതി രജിസ്ട്രാർക്ക് രാജ്ഭവൻ കത്തും നൽകി. വെറ്ററിനറി സർവകലാശാല മുൻ പ്രഫസർ ഡോ.പി.സി. ശശീന്ദ്രന് വൈസ് ചാൻസലറുടെ ചുമതല നൽകിയും ഗവർണർ ഉത്തരവിറക്കി.
വൈസ് ചാൻസലർമാർക്കെതിരെ സസ്പെൻഷൻ നടപടി അത്യപൂർവ സംഭവമാണ്. പതിവിൽനിന്ന് വ്യത്യസ്തമായി രാജ്ഭവൻ സെക്രട്ടറിക്ക് പകരം ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻതന്നെ ഒപ്പിട്ടാണ് വി.സിയുടെ സസ്പെൻഷൻ ഉത്തരവിറക്കിയത്. വിദ്യാർഥിയുടെ മരണത്തിൽ ഡീൻ ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കാൻ സർവകലാശാല തലപ്പത്തുള്ളവരും സർക്കാറും ശ്രമിക്കുന്നെന്ന ആരോപണം ശക്തിപ്പെടുന്നതിനിടെയാണ് വി.സിയെ സസ്പെൻഡ് ചെയ്തത്. ഇത് സർക്കാറിനും കനത്തതിരിച്ചടിയായി മാറി.
സിദ്ധാർഥിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ ഗവർണർ വൈസ് ചാൻസലർ ശശീന്ദ്രനാഥിൽനിന്ന് റിപ്പോർട്ട് തേടുകയും കഴിഞ്ഞ ദിവസം വിദ്യാർഥിയുടെ കുടുംബത്തെ സന്ദർശിക്കുകയും ചെയ്തിരുന്നു. കോളജിലുണ്ടായ സംഭവത്തിൽ ചുമതലകളും ഉത്തരവാദിത്വവും നിർവഹിക്കുന്നതിൽ വി.സി ഗുരുതരവും നിർദയവുമായ വീഴ്ചയും കൃത്യവിലോപവും നടത്തിയെന്ന് വി.സിയുടെതന്നെ റിപ്പോർട്ട് ഉദ്ധരിച്ച് സസ്പെൻഷൻ ഉത്തരവിൽ ഗവർണർ ചൂണ്ടിക്കാട്ടുന്നു.
കാമ്പസിൽ ഐക്യമുള്ള അന്തരീക്ഷം ഒരുക്കുന്നതിലും നിയമാനുസൃതം കാര്യങ്ങൾ നിർവഹിക്കുന്നതിലും വൈസ്ചാൻസലറുടെ നേതൃത്വം നിയന്ത്രിക്കാനാവാത്ത വിധം താഴെപോയത് അശുഭ സൂചനയാണെന്നും ഗവർണറുടെ ഉത്തരവിൽ പറയുന്നു. ഇത്തരം ഘട്ടത്തിൽ ‘അപൂർവങ്ങളിൽ അപൂർവമായ’ തരത്തിലുള്ള നടപടിയുടെ അഭാവം നീതിയുടെ ഗതിയെതന്നെ തടസ്സപ്പെടുത്തും.
ഈ സാഹചര്യത്തിൽ സർവകലാശാല നിയമപ്രകാരമുള്ള മാതൃകാപരമായ നടപടിയും വിശദമായ അന്വേഷണവും ആവശ്യമാണെന്നും അതിനാൽ വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്യാനും ഹൈകോടതി ജഡ്ജി തലത്തിലുള്ള അന്വേഷണത്തിനും ഉത്തരവിടുന്നെന്നും ഗവർണറുടെ ഉത്തരവിൽ പറയുന്നു. സസ്പെഷൻ കാലയളവിൽ വി.സിക്ക് നിയമപ്രകാരമുള്ള അലവൻസുകൾക്ക് അർഹതയുണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.