സൈബറിടത്തിൽ പച്ചപ്പട ഇളകി
text_fieldsമണ്ഡലത്തിലെ നേരങ്കത്തിന് സമാനമായി വാക്പോരാട്ടവും അടിതടയും നടക്കുന്ന ഇടമാണ് സമൂഹ മാധ്യമങ്ങൾ. പോസ്റ്ററൊട്ടിക്കാനും പ്രസംഗിക്കാനും വിമർശനങ്ങൾക്ക് മറുപടി പറയാനും ആരോപണങ്ങൾ ഉന്നയിക്കാനും എന്തിന് ട്രോളാൻവരെ പരുവപ്പെട്ടുകിടക്കുന്ന ഇടമാണത്. അവിടത്തെ ഉത്സവക്കൊഴുപ്പ് കണ്ടാലറിയാം തെരഞ്ഞെടുപ്പുത്സവത്തെ മലയാളി എങ്ങനെയാണ് നെഞ്ചേറ്റിയിരിക്കുന്നതെന്ന്. ഇത്തരത്തിൽ പാകപ്പെട്ടുകിടക്കുന്ന ഇടത്തെ തങ്ങളുടേതാക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ മിടുക്ക് കാട്ടാതിരിക്കുന്നതെങ്ങനെ. ഈ രംഗത്തെ മികച്ച പ്രഫഷനലുകളെ രംഗത്തിറക്കിയാണ് പാർട്ടികളുടെ യുദ്ധമുറിയൊരുങ്ങുന്നത്. ഇക്കുറി നോക്കാം മുസ്ലിം ലീഗിെൻറ യുദ്ധതന്ത്രങ്ങളുടെ ചൂടും ചൂരും.
മണ്ഡലങ്ങൾ ഇളക്കിമറിക്കാൻ റോഡ് ഷോകൾ വേണം. കാതടപ്പിക്കുന്ന അനൗൺസ്മെൻറിെൻറ അകമ്പടിവേണം. തകർപ്പൻ ഡയലോഗ് കാച്ചുന്ന പ്രഭാഷകർ വേണം. പക്ഷേ, ഇതൊക്കെ നെവർമൈൻഡ് ചെയ്ത് ഫോണിൽ കണ്ണുതാഴ്ത്തിയിരിക്കുന്ന ന്യൂജൻ സമൂഹത്തെ ഉണർത്താൻ സമൂഹ മാധ്യമങ്ങൾതന്നെ ശരണം. ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലുമൊന്നും അത്ര സജീവമല്ലാത്ത സ്ഥാനാർഥികൾ പോലും പേജും ഗ്രൂപ്പും ക്രിയേറ്റ്ചെയ്ത് ന്യൂജനായി.
സോഷ്യൽ മീഡിയയിൽ പച്ചപ്പടകൾ പലതുണ്ടെങ്കിലും ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗിന് ഔദ്യോഗികമായുള്ളത് രണ്ട് പ്ലാറ്റ് ഫോമുകൾ. ഐ.യു.എം.എൽ കേരള, ഇന്ത്യ ലൈവ് എന്നിവയിലൂടെയാണ് പാർട്ടിയുടെ ചലനങ്ങൾ സൈബർ ലോകത്തെത്തുന്നത്. അടുത്തകാലംവരെ സൈബർലോകത്ത് അധികം ശ്രദ്ധ കൊടുക്കാതിരുന്ന പാർട്ടിയും നേതാക്കളും സ്ഥാനാർഥികളും ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ സൈബർ ജാഗ്രതയിലാണ്. നവീകരിച്ച കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്ത് ഇതിനായി 'യുദ്ധമുറി' സജ്ജമാക്കിയിരുന്നു. പ്രാദേശികതലങ്ങളിൽ പച്ചപ്പതാക പ്രഫൈലാക്കിയുള്ള കാക്കത്തൊള്ളായിരം ഗ്രൂപ്പുകൾക്ക് പാർട്ടി സന്ദേശങ്ങൾ എത്തിക്കുന്നത് ഇവിടെനിന്നാണ്.
സംസ്ഥാന നേതാക്കളുടെയും സ്ഥാനാർഥികളുടെയും ചലനങ്ങൾ ഒപ്പിയെടുത്ത് എഫ്.ബി പേജിലും വാട്സ്ആപ് ഗ്രൂപ്പുകളിലും ഇൻസ്റ്റയിലുമെല്ലാം പോസ്റ്റാൻ സംവിധാനമുണ്ട്. ഒപ്പം, എതിരാളികളുടെ ആക്രമണങ്ങൾക്ക് പ്രതിരോധം തീർക്കണം. അത്യാധുനിക സ്റ്റുഡിയോയും ലൈബ്രറിയുമെല്ലാം ഇതിനായി സജ്ജം.
സൈബർവിങ് തയാറാക്കുന്ന മെറ്റീരിയലുകൾ അടിത്തട്ടിലെത്തിക്കാൻ 14 ജില്ലകളിലും സോഷ്യൽ മീഡിയ വളൻറിയർ ഫോറങ്ങളുണ്ട്. ജില്ലയിൽ അഞ്ചുപേർക്കാണ് ഇത് കീഴ്ഘടകങ്ങൾക്ക് എത്തിക്കുന്നതിെൻറ ചുമതല. മണ്ഡലത്തിലും പഞ്ചായത്തിലും അഞ്ചുപേർ വീതവും വാർഡിൽ രണ്ടുപേരും ഷെയറിങ് മേൽനോട്ടം വഹിക്കുന്നു.
ട്രോളുകൾ രൂപപ്പെടുന്നത് പുറത്തുനിന്നാണ്. മൂർഛയേറിയ പരിഹാസങ്ങളടക്കം ട്രോളുകളായി വരുന്നതിനാൽ ഇതിെൻറ ഉത്തരവാദിത്തം ഔദ്യോഗിക സംവിധാനങ്ങൾക്കല്ല. പുറത്തുനിന്നുള്ള ആർട്ടിസ്റ്റുകൾ തയാറാക്കുന്ന ട്രോളുകൾ ഔദ്യോഗിക സംവിധാനങ്ങളിലൂടെ ഷെയർ ചെയ്യപ്പെടുന്നു എന്നുമാത്രം. നേതാക്കളുടെ സ്റ്റാറ്റസ് അപ്ഡേറ്റിനും എഫ്.ബി പോസ്റ്റുകൾക്കും ട്വിറ്ററിനുമെല്ലാം റീച്ചുണ്ടാക്കുന്നതിലും സൈബർ വിങ്ങിെൻറ കരങ്ങളുണ്ട്. അപ്ഡേറ്റുകൾക്കു മാത്രമായി 50ഓളം ഗ്രൂപ്പുകളുണ്ട്. സമയാസമയം പ്രശ്നാധിഷ്ഠിതമായി ഹാഷ്ടാഗുകൾ രൂപപ്പെടുത്തുന്നതിനും സൈബർവിങ് ശ്രദ്ധചെലുത്തുന്നു.
പാർട്ടിയുടെ സോഷ്യൽ മീഡിയയുടെ ചുക്കാൻ പി.എം. സാദിഖലിക്കാണ്. ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും യൂത്ത്ലീഗ് പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങളും സൈബർ ലോകത്ത് മുേമ്പ പറന്നവരാണ്. ഫേസ്ബുക്കിൽ മുനവ്വറലി തങ്ങൾക്ക് ഏഴു ലക്ഷത്തിലേറെയും കുഞ്ഞാലിക്കുട്ടിക്ക് ആറു ലക്ഷത്തിലേറെയും ഫോളോവർമാരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.