ഹജ്ജ് ക്യാമ്പ് ഇന്ന് സമാപിക്കും
text_fieldsനെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന നെടുമ്പാശ്ശേരിയിൽനിന്നും ബുധനാഴ്ച രണ്ട് വിമാനങ്ങൾ സർവിസ് നടത്തി. ഉച്ചക്ക് 12.30ന് എസ്.വി 5717 നമ്പർ വിമാനവും രാത്രി 7.50 ന് എസ്.വി 5563 നമ്പർ വിമാനവുമാണ് സർവിസ് നടത്തിയത്.
ഉച്ചക്ക് പുറപ്പെട്ട വിമാനം സൗദി സമയം വൈകീട്ട് നാലുമണിയോടെ മദീനയിൽ എത്തി. ഇതിൽ തമിഴ്നാട്ടിൽ നിന്നുള്ള 224 പേരും പോണ്ടിച്ചേരിയിൽ നിന്നുള്ള 38 പേരും അന്തമാനിൽ നിന്നുള്ള 103 പേരുമാണ് യാത്രയായത്. അന്തമാനിൽ നിന്നുള്ള സംഘം ആദ്യമായിട്ടാണ് നെടുമ്പാശ്ശേരി വഴി യാത്രയാവുന്നത്.
നേരത്തേ ചെന്നൈ വഴിയായിരുന്നു ഇവരുടെ യാത്ര. രാത്രി പുറപ്പെട്ട എസ്.വി 5563 നമ്പർ വിമാനത്തിൽ കേരളത്തിൽ നിന്നുള്ള 209 തീർഥാടകരും തമിഴ്നാട്ടിൽ നിന്നുള്ള 156 പേരും ഉൾപ്പെടെ 365 പേരാണ് യാത്രയായത്. ഹജ്ജ് ക്യാമ്പിന്റെ സമാപന ദിവസമായ വ്യാഴാഴ്ച മൂന്ന് വിമാനങ്ങൾ സർവിസ് നടത്തും.
പുലർച്ച 3.10ന് എസ്.വി 5739, വൈകുന്നേരം ആറ് മണിക്ക് എസ്.വി 5747, രാത്രി 10.55 ന് എസ്.വി 5743 എന്നീ നമ്പർ വിമാനങ്ങളാണ് സർവിസ് നടത്തുക. ഇതോടെ സംസ്ഥാനത്ത് നിന്നും ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ തീർഥാടന യാത്ര അവസാനിക്കും. അവസാന വിമാനത്തിലെ തീർഥാടകർക്കുള്ള പ്രത്യേക യാത്രയയപ്പ് പ്രാർഥന സംഗമം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.