ഹജ്ജ് തീര്‍ഥാടന കര്‍മപദ്ധതി ഉടന്‍ പ്രസിദ്ധീകരിക്കും
text_fieldsകൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടനത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ലിയാഖത്ത് അലി ആഫാഖിയുമായി കൂടിക്കാഴ്ച നടത്തി. അടുത്ത വര്‍ഷത്തെ തീര്‍ഥാടനത്തിനുള്ള കര്‍മപദ്ധതി ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് സി.ഇ.ഒ വ്യക്തമാക്കിയതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് അറിയിച്ചു. കര്‍മപദ്ധതി പ്രസിദ്ധീകരിക്കുന്നതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ വഴിയുള്ള അപേക്ഷ സ്വീകരണവും അനുബന്ധപ്രവര്‍ത്തനങ്ങളും ആരംഭിക്കും. ഒരുക്കം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. ഹജ്ജ് അപേക്ഷ നടപടികള്‍, സൗദിയിലെ മുന്നൊരുക്കം, ഹജ്ജ് യാത്ര പരമാവധി തീര്ഥാടകസൗഹൃദമാക്കാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും ചര്‍ച്ചയായത്.
60 വയസ്സിന് മുകളിലുള്ളവര്‍, ശാരീരികപ്രയാസം അനുഭവിക്കുന്നവര്‍, പുരുഷന്മാര് കൂടെയില്ലാത്ത വനിത തീര്‍ഥാടകര്‍ (ലേഡീസ് വിത്തൗട്ട് മഹ്റം) വിഭാഗത്തിലുള്ളവര്‍ക്ക് മിനയില്‍ ജംറകള്‍ക്ക് സമീപംതന്നെ ടെന്റ് അനുവദിക്കാൻ ശ്രമിക്കുമെന്ന് ഹജ്ജ് സി.ഇ.ഒ അറിയിച്ചു. 250 പേര്‍ക്ക് ഒരാള്‍ എന്ന രീതിയില്‍ വളന്റിയര്‍ അനുപാതം പുനഃക്രമീകരിക്കാന്‍ ശ്രമം നടത്തിവരുകയാണ്. മക്കയിലും മദീനയിലും തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ഡല്‍ഹിയിലും പ്രത്യേക ഓഫിസറെ നിയമിക്കാൻ നടപടി തുടങ്ങിയിട്ടുണ്ടെന്നും ലിയാഖത്ത് അലി ആഫാഖി പറഞ്ഞു. കേരളത്തില്‍ ഓള് ഇന്ത്യ ഹജ്ജ് കോണ്‍ഫറന്‍സിന് വേദിയൊരുക്കുന്നത് ഗുണകരമായിരിക്കുമെന്ന് സി. മുഹമ്മദ് ഫൈസി കൂടിക്കാഴ്ചയില്‍ സൂചിപ്പിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ.പി. സുലൈമാന്‍ ഹാജിയും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.