യാഗശാലയായി തലസ്ഥാനം; ആറ്റുകാലമ്മക്ക് ഭക്തലക്ഷങ്ങളുടെ പൊങ്കാല
text_fieldsതിരുവനന്തപുരം: സ്വയംസമർപ്പണത്തിന്റെ പുണ്യംനുകർന്ന് ആത്മസായൂജ്യത്തോടെ ഭക്തലക്ഷങ്ങൾ ആറ്റുകാലമ്മക്ക് പൊങ്കാല നിവേദിച്ചു. ശുദ്ധ പുണ്യാഹത്തിനുശേഷം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി. മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ പകർന്നു.
ഇതേ ദീപം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലൊരുക്കിയ പണ്ടാരയടുപ്പിലും പകർന്നതോടെ കിലോമീറ്ററുകൾക്കപ്പുറം വരെ ഭക്തജനങ്ങൾ ഒരുക്കിയ അടുപ്പുകളും എരിഞ്ഞുതുടങ്ങി. ചെണ്ടമേളവും കരിമരുന്നുപ്രയോഗവും അകമ്പടിയേകിയതോടെ തലസ്ഥാനം പിന്നെ യാഗശാലയായി മാറി. ദുഃഖങ്ങളെ കനലിലെരിയിച്ച്, അടുത്ത പൊങ്കാലയുടെ നാളുകള്‍ മനസ്സില്‍ ധ്യാനിച്ച്, ജീവിതാനന്ദത്തിന്റെ മധുരം നിവേദിച്ച പൊങ്കാലയുമായി പിന്നെ മടക്കം.
രാവിലെ 10.15ന് പൊങ്കാലയുടെ കാഹളം മുഴങ്ങി. വാക്കുരവയും ചെണ്ടമേളവും കതിനാവെടികളും അന്തരീക്ഷത്തിലുയര്‍ന്നു. ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നു. ‘ആറ്റുകാലമ്മേ ശരണം’എന്ന് തുടങ്ങുന്ന ദേവീസ്തുതികള്‍ അന്തരീക്ഷത്തിൽ മുഴങ്ങി. തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍നിന്ന് ദീപം സഹ മേല്‍ശാന്തിമാര്‍ക്ക് കൈമാറിയാണ് ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് തീ പകർന്നത്. ഭക്തമനസ്സിന്റെ സായൂജ്യം പോലെ പൊങ്കാലക്കലങ്ങള്‍ നിറഞ്ഞുപൊങ്ങി. ഭഗവതിക്ക് എല്ലാം സമര്‍പ്പിക്കുന്ന ധന്യനിമിഷങ്ങളില്‍ ഭക്തര്‍ സ്വയം അലിഞ്ഞു. വെയിലിന്റെ ചൂടിനെ മറന്ന് പൊങ്കാലയുടെ പുകയുംചൂടും സഹിച്ച് ഭക്തര്‍ ആറ്റുകാലമ്മയെ മനസ്സിലുറപ്പിച്ച് ഭക്തിനിര്‍വൃതി തേടി.
പായസം, വെള്ളനിവേദ്യം, തെരളി, മണ്ടപ്പുറ്റ് ഉൾപ്പെടെ ഒട്ടേറെ നിവേദ്യങ്ങളാണ് ഭക്തർ തയാറാക്കിയത്. ഉച്ചക്ക് 1.15ന് ഉച്ചപൂജക്കുശേഷം പൊങ്കാല നിവേദ്യത്തിന്റെ ചടങ്ങുകള്‍ നടന്നു. 300 ഓളം പൂജാരിമാര്‍ നിവേദ്യത്തിന് തീര്‍ഥം തളിക്കാനുണ്ടായിരുന്നു. ആകാശത്ത് ആ സമയം വിമാനത്തില്‍ പുഷ്പവൃഷ്ടി ചൊരിഞ്ഞു. തുടർന്ന്, ഭക്തർ നിവേദിച്ച പൊങ്കാലയുമായി മടങ്ങി.
സന്ധ്യക്ക് 7.30ന് കുത്തിയോട്ടത്തിനുള്ള ചൂരല്‍ക്കുത്തും രാത്രി 11.15ന് ദേവിയുടെ മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്തും ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ മടക്കയാത്ര ക്ഷേത്രത്തിലെത്തും. രാത്രി 10ന് നടക്കുന്ന കാപ്പഴിക്കല്‍, കുരുതിതര്‍പ്പണം എന്നിവയോടെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവത്തിന് കൊടിയിറങ്ങും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.