ആർ.സി.സിയിൽ ലിഫ്റ്റ് തകർന്ന് മരിച്ച യുവതിയുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി
text_fieldsതിരുവനന്തപുരം: ആര്.സി.സിയില്‍ അറ്റകുറ്റപ്പണിനടന്നുകൊണ്ടിരിക്കുകയായിരുന്ന ലിഫ്റ്റില്‍നിന്നും വീണ് മരിച്ച യുവതിയുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. യുവതി മരിക്കാനിടയായ സംഭവത്തില്‍ അഞ്ച് പേർക്കെതിരെ നടപടി എടുത്തതായും മന്ത്രി പറഞ്ഞു.
കൊല്ലം പത്തനാപുരം സ്വദേശിനി നദീറ(22)യാണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്. അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന വനിതാ കമീഷന് ആര്.സി.സി ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. നിര്‍ധന കുടുംബാംഗമായ നദീറക്ക് നഷ്ടപരിഹാരം ആര്.സി.സി നല്‍കണമെന്ന് കമീഷന് അംഗം ഷാഹിദ കമാല്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം 15നാണ് അപകടമുണ്ടായത്. അന്ന് മുതൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ് നദീറ. ഇതിനിടെ നദീറ കോവിഡ് പോസിറ്റീവാണെന്ന വാർത്തയുമുണ്ട്. ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന മാതാവിനെ സന്ദർശിക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിയിലായിരുന്ന ലിഫ്റ്റ് തുറന്നു കിടന്നതാണ് അപകടത്തിനിടയാക്കിയത്. വീഴ്ചയിൽ നദീറയുടെ തലക്ക് ഗുരുതമായി പരിക്കേറ്റിരുന്നു.
അപകടത്തെ തുടർന്ന് ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു. ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് അപകടത്തിനിടയാക്കിയതെന്ന് ആർ.സി.സി അധികൃതർ പറഞ്ഞു. ആർ.സി.സിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ജീവനക്കാരനെ പുറത്താക്കിയത് കൊണ്ടു മാത്രം കാര്യമില്ലെന്ന് നദീറയുടെ സഹോദരി റജീന പറഞ്ഞു. ഒന്നേകാൽ വയസുള്ള നദീറയുടെ കുഞ്ഞിന് ജീവിക്കാനുള്ള നഷ്ടപരിഹാരം ആർ.സി.സി നൽകണമെന്ന് റജീന ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.