കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാരുടെ ഹിയറിങ് ഇന്ന് നടക്കും
text_fieldsതിരുവനന്തപുരം: വൈസ് ചാൻസലർമാരുടെ ഹിയറിങ് ഗവർണർ ഇന്ന് നടത്തും. രാവിലെ 11മണിമുതലാണ് രാജ്ഭവനിൽ ഹിയറിങ് നടക്കുക. പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാർക്കാണ് ഹിയറിങ്.
വിസിമാർ നേരിട്ടോ അല്ലാത്തപക്ഷം ചുമതലപ്പെടുത്തിയ അഭിഭാഷകരോ ഹാജരാകും. വിദേശത്തുള്ള എംജി വിസിയുടെ ഹിയറിങ് പിന്നീട് നടത്തും. ഇന്നെത്താൻ പ്രയാസം ഉണ്ടെന്നാണ് കണ്ണൂർ വിസി അറിയിച്ചിരിക്കുന്നത്. കെടിയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹിയറിങ്.
യുജിസി മാർഗ്ഗ നിർദേശപ്രകാരമുള്ള യോഗ്യത ഇല്ലാത്ത മുഴുവൻ വിസിമാരെയും പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഗവർണറുടെ നീക്കം. ഹിയറിങ്ങ് കഴിഞ്ഞാലും കോടതിയിൽ വിസിമാർ നൽകിയ കേസ് കൂടി പരിഗണിച്ചാകും ഗവർണർ അന്തിമ നിലപാട് എടുക്കുക. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വൈസ് ചാൻസലർമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും.
കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ചാൻസലറായ ഗവർണർക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം. ചാൻസലറുടെ അധികാര പരിധി സംബന്ധിച്ച് വിശദമായ വാദം കേൾക്കണമെന്നും വിസിമാർ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് ഹർജികൾ പരിഗണിക്കുക. ഗവർണർ സർക്കാർ പോര് രൂക്ഷമായ സാഹചര്യത്തിൽ ഗവർണറുടെ നീക്കങ്ങൾ ഏറെ രാഷ്ട്രീയ ശ്രദ്ധപിടിച്ചുപറ്റുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.