തിരുവനന്തപുരം മെഡി. കോളജിൽ ശസ്ത്രക്രിയ കൂടാതെ ഹൃദയവാൽവ് മാറ്റിവെച്ചു
text_fieldsമെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കൂടാതെ വയോധികക്ക് അയോർട്ടിക് വാൽവ് മാറ്റിവെച്ചു. സംസ്ഥാനത്ത് സർക്കാർ ആശുപത്രിയിൽ ആദ്യമായാണ് ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാൻറേഷൻ എന്ന ഈ ചികിത്സയിലൂടെ ഹൃദയവാൽവ് മാറ്റിവെക്കുന്നത്.
ഇളമ്പ സ്വദേശിനിയായ 66 വയസ്സുള്ള വയോധികക്ക് സാമൂഹിക സുരക്ഷ മിഷൻ വഴി അനുവദിച്ച 11 ലക്ഷം രൂപ വിനിയോഗിച്ചാണ് ചികിത്സ നൽകിച്ചത്. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നിർദേശപ്രകാരം വയോധികക്ക് ചികിത്സ നൽകാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.
കാലിലെ രക്തക്കുഴലുകളുടെ ചുരുക്കം മൂലം സാധാരണയിൽനിന്ന് വ്യത്യസ്തമായി കഴുത്തിലെ കരോട്ടിഡ് രക്തധമനി വഴിയാണ് വാൽവ് മാറ്റിവെച്ചത്. കേരളത്തിൽ ഇത് രണ്ടാം തവണയാണ് കഴുത്തിലൂടെ ഹൃദയ വാൽവ് മാറ്റിവെക്കുന്നത്. സർക്കാർ ആശുപത്രിയിൽ ആദ്യവും. പ്രഫ ഡോ. കെ. ശിവപ്രസാദ്, പ്രഫ. ഡോ. വി.വി. രാധാകൃഷ്ണൻ, പ്രഫ. ഡോ. മാത്യു ഐപ്, പ്രഫ. ഡോ. സിബു മാത്യു, ഡോ. ജോൺ ജോസ്, ഡോ. എസ്. പ്രവീൺ, ഡോ. പ്രവീൺ വേലപ്പൻ, ഡോ. അഞ്ജന, ഡോ. ലെയ്സ്, ഡോ. ലക്ഷ്മി, സീനിയർ റെസിഡന്റുമാർ എന്നിവരടങ്ങുന്ന കാർഡിയോളജി സംഘം പങ്കാളികളായി.
പ്രഫ. ഡോ. രവി, ഡോ.ആകാശ്, ഡോ. നിവിൻ എന്നിവരടങ്ങുന്ന തൊറാസിക് സർജറി സംഘവും ഡോ. മായ, ഡോ. അൻസാർ എന്നിവരടങ്ങുന്ന അനസ്തേഷ്യ സംഘവും കാർഡിയോ വാസ്കുലർ ടെക്നോളജിസ്റ്റുമാരായ കിഷോർ, അസീം, പ്രജീഷ്, നേഹ, ജയകൃഷ്ണ എന്നിവരും കാത്ത് ലാബ് നഴ്സിങ് സ്റ്റാഫുമടങ്ങുന്ന സംഘവും ചികിത്സയിൽ പങ്കുകൊണ്ടു.
ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദീന്റെ പൂർണ സഹകരണം ലഭിച്ചതായി കാർഡിയോളജി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.