ചൂട് കൂടുന്നു; വാഹനം കത്താതെ കാക്കണം
text_fieldsപാലക്കാട്: വേനൽ കടുക്കുന്നതോടെ വാഹനങ്ങൾക്ക് തീപിടിക്കാനുള്ള സാധ്യത കൂടുതൽ. അപായ സാധ്യതയുള്ള വാഹനങ്ങൾ തീപിടിക്കാൻ സാധ്യത കൂടുതലാണ്. ഇങ്ങനെയുള്ള വാഹനങ്ങളുടെ എൻജിൻ പെട്ടെന്ന് ചൂടാകുന്നത് പരിശോധിക്കണം. കൂളിങ് സിസ്റ്റം ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ എൻജിൻ ഓവർ ഹീറ്റാവും.
എൻജിൻ ഓയിൽ ലീക്കായാൽ ശരിയായ രീതിയിൽ ലൂബ്രിക്കേഷൻ ലഭിക്കാതെ എൻജിൻ അമിതമായി ചൂടായി തീപിടിക്കും. പാർട്സുകൾ തേയ്മാനം വന്ന് നശിക്കുന്നതും തീപിടിക്കാൻ കാരണമാകും. വാഹനം കൃത്യമായ ഇടവേളകളിൽ അംഗീകൃത സ്ഥാപനങ്ങളിൽ സർവിസ് ചെയ്യണം.
വില്ലൻ ഗ്യാസ് ചോർച്ച
എൽ.പി.ജിവാഹനങ്ങളിൽ ചോർച്ച സാധ്യത കൂടുതലാണ്. ഗ്യാസിലേക്ക് മാറ്റിയ പഴയ പെട്രോൾ വാഹനങ്ങളിൽ ചോർച്ചയാണ് പ്രധാന വില്ലനാവുന്നത്. ഇവയുടെ എൽ.പി.ജി കൺവേർഷൻ കിറ്റിലെ സോളിനോയ്ഡ് വാൽവ്, റെഗുലേറ്റർ, വാപ്പറൈസർ, ഫിൽട്ടർ, ഗ്യാസ് ട്യൂബ്, ടാങ്ക് തുടങ്ങിയവ വർഷത്തിലൊരിക്കൽ സർവിസ് ചെയ്യണം. ഗ്യാസ് ടാങ്ക് അഞ്ചുവർഷം കൂടുമ്പോൾ പ്രഷർ ടെസ്റ്റ് നടത്തണം. 15 വർഷം കഴിഞ്ഞാൽ മാറ്റണം.
തീപിടിച്ചാൽ?
ഉടൻ വാഹനം നിർത്തി, എൻജിൻ ഓഫാക്കണം. വയറുകൾ ഉരുകിയാൽ ഡോർ ലോക്കുകൾ തുറക്കാൻ പറ്റാതെ വരും. ലോക്കായാൽ സൈഡ് ഗ്ലാസ് പൊട്ടിക്കാനുള്ള ശ്രമം നടത്തണം. ചുറ്റികപോലുള്ള ഉപകരണം വാഹനത്തിനകത്ത് കൈയെത്താവുന്ന രീതിയിൽ സൂക്ഷിക്കുന്നത് ശീലമാക്കുക. യാത്രക്കാരെ പുറത്തിറക്കി ഫയർഫോഴ്സിനെ അറിയിക്കണം.
പരിഹാരമാർഗങ്ങൾ
- രാവിലെ വാഹനം നിർത്തിയിട്ടിരുന്ന തറയിൽ ഓയിൽ ലീക്കേജ് ഉണ്ടോ എന്ന് പരിശോധിക്കണം. ദിവസവും ബോണറ്റ് തുറന്ന് പരിശോധിക്കണം.
- പുക ഉയരുന്ന വാഹനം മുന്നോട്ടുനീക്കരുത്.
- പാനൽ ബോർഡ് വാണിങ് ലാമ്പുകളും മീറ്ററുകളും നിരീക്ഷിക്കുക. കൂളന്റും എൻജിനോയിലും മാറ്റണം.
- വാഹനത്തിനകത്ത് ഇന്ധനം, തീപ്പെട്ടി, ലൈറ്ററുകൾ, സ്പ്രേകൾ, സ്ഫോടകവസ്തുക്കൾ എന്നിവ സൂക്ഷിക്കരുത്.
- നിഷ്കർഷിച്ചിട്ടുള്ളതും നിയമവിധേയവുമായതുമായ പാർട്സുകൾ ഉപയോഗിക്കണം. അനാവശ്യ ആൾട്ടറേഷനുകൾ ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.