ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി
text_fieldsന്യൂഡല്‍ഹി: ഓൺലൈൻ ചാനലായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ പരാതിയിൽ കേസെടുത്തതിനെ തുടർന്നാണ് ഷാജൻ സ്കറിയ മുൻകൂർ ജാമ്യം തേടിയത്.
വ്യാജ വാർത്തയുണ്ടാക്കി വ്യക്തി അധിക്ഷേപം നടത്തുന്നുവെന്ന എം.എൽ.എയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളനുസരിച്ചും ഐ.ടി - ഇന്ത്യൻ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് എളമക്കര പൊലീസ് ഷാജന്‍ സ്കറിയക്കെതിരെ കേസെടുത്തത്.
ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഷാജൻ സ്കറിയയുടെ അറസ്റ്റിന് മുൻകൂർ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് നേരത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കിയിരുന്നു.
മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയ, സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ എം. റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ്. കഴിഞ്ഞ നിരവധി വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പി.വി. ശ്രീനിജിന്‍റെ പരാതിയില്‍ പറയുന്നു. ആസൂത്രിതമായ അജണ്ടയുടെ ഭാഗമായാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.