കെ.എം. ബഷീറിന്റെ മരണം: നരഹത്യക്കുറ്റം ഒഴിവാക്കിയത് ഹൈകോടതി തടഞ്ഞു
text_fieldsകൊച്ചി: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീ. സെഷൻസ് കോടതി ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. കീഴ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജി ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്.
പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകൾ ശരിയായി പരിഗണിക്കാതെയാണ് നരഹത്യ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഒഴിവാക്കി കോടതി ഉത്തരവിട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈകോടതിയെ സമീപിച്ചത്. നരഹത്യാകുറ്റം നിലനിൽക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് അയക്കാനും ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. കേസിലെ വിചാരണ നടപടികളും തടഞ്ഞിട്ടുണ്ട്.
2019 ആഗസ്റ്റ് മൂന്നിന് പുലർച്ച ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം -വെള്ളയമ്പലം റോഡിലുണ്ടായ അപകടത്തിലാണ് കെ.എം. ബഷീർ കൊല്ലപ്പെട്ടത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നരഹത്യ, തെളിവു നശിപ്പിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ, അമിത വേഗത്തിലുള്ള ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അന്തിമ റിപ്പോർട്ട് നൽകിയത്. ഇതു സംബന്ധിച്ച കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ എന്നിവർക്കെതിരെ കോടതി കുറ്റം ചുമത്താനുള്ള നടപടികൾ സ്വീകരിക്കുന്നതിന് മുമ്പാണ് കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമൻ അഡീ. സെഷൻസ് കോടതിയെ സമീപിച്ചത്. രക്തപരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യമില്ലെന്നും മദ്യപിച്ചു വാഹനമോടിക്കൽ, നരഹത്യ കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമായിരുന്നു ശ്രീറാമിന്റെ വാദം.
തെളിവ് നശിപ്പിക്കാനായി ശ്രീറാം രക്തപരിശോധനക്ക് തയാറായില്ലെന്ന് തെളിവുകളും സാക്ഷിമൊഴികളും ഹാജരാക്കി പ്രോസിക്യൂഷൻ വാദിച്ചതായി സർക്കാറിന്റെ ഹരജിയിൽ പറയുന്നു. എന്നാൽ, നരഹത്യയടക്കം കുറ്റങ്ങൾ ഒഴിവാക്കി അഡീ. സെഷൻസ് കോടതി ഒക്ടോബർ 19ന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പ്രോസിക്യൂഷൻ വാദങ്ങൾ കണക്കിലെടുക്കാതെ കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ കോടതി ഇത്തരമൊരു നിഗമനത്തിലേക്കെത്തിയത് ഉചിതമല്ലെന്നാണ് അപ്പീലിലെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.