'ചുമട്ടുതൊഴിൽ നിർത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ല'; നിരീക്ഷണത്തിൽ ഹൈകോടതി വ്യക്തത വരുത്തി
text_fieldsകൊച്ചി: ചുമട്ടുതൊഴിൽ നിർത്തലാക്കണമെന്ന നിരീക്ഷണത്തിൽ വ്യക്തത വരുത്തി ഹൈകോടതി. ചുമട്ടുതൊഴിൽ നിർത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് വ്യക്തമാക്കി. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടപ്പെടുത്തണമെന്ന് ആഗ്രഹമില്ല. എന്നാൽ, ഈ മേഖലയിൽ ആധുനികവത്കരണം കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കി. ചുമട്ടുതൊഴിലിനിടെ നിരവധി പേര്‍ക്കാണ് പരിക്കേല്‍ക്കുന്നത്. ഇത്തരം കേസുകള്‍ കോടതിക്ക് മുമ്പാകെ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നോക്കുകൂലി കേസിൽ തിങ്കളാഴ്ച വിധി പറയുമെന്നും ഹൈകോടതി വ്യക്തമാക്കി.
ചുമട്ടുതൊഴിലിെൻറ കാലം 20ാം നൂറ്റാണ്ടിൽ കഴിഞ്ഞതാണെങ്കിലും ഇവിടെ 21ാം നൂറ്റാണ്ടിലും തുടരുകയാണെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ചുമടെടുത്ത് തൊഴിലാളികളുടെ നട്ടെല്ലും ആരോഗ്യവും തകരുകയാണ്. എന്നിട്ടും ചുമട്ടുതൊഴിൽ നിർത്തുന്നതിനെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. 75 കിലോഭാരം ദിവസം നാലുമണിക്കൂർ വീതം 50 വർഷം ചുമന്നാൽ പിന്നെ ജീവിതം ഉണ്ടാകില്ല. ചുമട്ടു തൊഴിൽ നിർത്തേണ്ടകാലം അതിക്രമിച്ചു.
പരിഷ്കൃത രാജ്യങ്ങളൊന്നും പൗരന്മാരെക്കൊണ്ട് തലച്ചുമട് എടുപ്പിക്കില്ല. ചുമട്ടുതൊഴിലാളി നിയമം ലോഡ് വർക്കേഴ്സ് ആക്ട് എന്ന് ഭേദഗതി ചെയ്യേണ്ട സമയമായി. 1970ൽ നിലവിൽ വന്ന നിയമം നിലനിൽക്കുന്നതിനാലാണ് 50 വർഷം കഴിഞ്ഞിട്ടും മനുഷ്യത്വമില്ലാത്ത ഈ തൊഴിൽ തുടരുന്നത്. ചുമട്ടു തൊഴിലിന് പകരം യന്ത്രങ്ങളെത്തുന്ന സാഹചര്യത്തിലാണ് നോക്കുകൂലി രംഗത്ത് വന്നത്. നോക്കുകൂലി വാങ്ങുന്നതിന് പകരം ഇത്തരം യന്ത്രങ്ങൾ ഉപയോഗിക്കാൻ പരിശീലനം നൽകുകയാണ് വേണ്ടതെന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ചുമട്ടുതൊഴിൽ നിർത്തലാക്കണമെന്ന കോടതി നിരീക്ഷണത്തെ ദുർവ്യാഖ്യാനം ചെയ്യുന്നത് സ്ഥാപിത താൽപര്യക്കാരാെണന്ന് ഹൈകോടതി. ക്ഷേമ ബോർഡുകൾ വേെണ്ടന്ന അഭിപ്രായം കോടതിക്കില്ല. അത്തരത്തിൽ വ്യാഖ്യാനിക്കുന്നത് ചില താൽപര്യങ്ങൾ സംരക്ഷിക്കാനാണ്. ചുമട്ടുതൊഴിൽ നിലനിർത്തണമെന്ന് പറയുന്നവർ ചുമടെടുക്കുന്നവരല്ല. പാവം തൊഴിലാളികളെ ചൂഷണം ചെയ്ത് ജീവിക്കുന്നവരാണവർ. താൽപര്യമുള്ളവരെ പരിശീലനം നൽകാതെ ചുമട്ടു തൊഴിലാളികളാക്കുകയാണ് രാഷ്ട്രീയക്കാരെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചിരുന്നുള
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.