‘കൈയിൽ തോക്ക് ഉണ്ടായിരുന്നില്ലേ?, ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രി പൂട്ടിയിടൂ’; സർക്കാറിനും പൊലീസിനും ഹൈകോടതിയുടെ രൂക്ഷ വിമർശനം
text_fieldsകൊച്ചി: യുവ ഡോക്ടറെ ക്രിമിനൽ കേസ് പ്രതി ആശുപത്രിയിൽവെച്ച് കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാറിനും പൊലീസിനും ഹൈകോടതിയുടെ രൂക്ഷ വിമർശനം. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രി പൂട്ടിയിടൂവെന്ന് ഹൈകോടതി പറഞ്ഞു.
ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ദാരുണ സംഭവത്തിൽ സർക്കാറിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ചത്. മെഡിക്കൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സർവകലാശാല സമർപ്പിച്ച അടിയന്തര ഹരജിയിൽ പ്രത്യേക സിറ്റിങ് നടത്തവെയാണ് ഹൈകോടതി പൊതുസംവിധാനങ്ങളുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയത്.
അക്രമങ്ങൾ ചെറുക്കാനുള്ള മുൻകൂർ നടപടിക്ക് വേണ്ടിയല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് കോടതി ചോദിച്ചു. പൊലീസിന്‍റെ കൈയിൽ തോക്ക് ഉണ്ടായിരുന്നില്ലേ?. ആർക്ക് എന്ത് പറ്റിയാലും അവിടെയുള്ള സ്ത്രീകൾക്ക് സംരക്ഷണം നൽകണമായിരുന്നു. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി നാളെ തന്നെ വിശദീകരണം നൽകണം. ഡി.ജി.പി ഓൺലൈൻ വഴി ഹാജരാകണം. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് താലൂക്ക് ആശുപത്രി സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കണം. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ഇന്ത്യയിൽ എവിടെയെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?. ഡോക്ടറുടെ അടുത്ത് പ്രതിയെ ഒറ്റക്ക് നിർത്തണമെന്ന സർക്കാർ ഉത്തരവ് ദുരന്തമാണ്. ഡോക്ടറുടെ മുന്നിൽ പ്രതികളെ കൊണ്ടു വരുന്നതിന് പ്രോട്ടോകോൾ വേണം. കോടതിയിൽ സർക്കാർ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടു. കേട്ടുകേൾവിയില്ലാത്ത സംഭവമാണ് നടന്നതെന്നും ഹൈകോടതി വ്യക്തമാക്കി. നാളെ രാവിലെ 10 മണിക്ക് കേസ് വീണ്ടും പരിഗണിക്കും
മെഡിക്കൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സർവകലാശാല സമർപ്പിച്ച അടിയന്തര ഹരജിയിലാണ് ഇന്ന് ഉച്ചക്ക് 1.45 ഹൈകോടതി പ്രത്യേക സിറ്റിങ് നടത്തിയത്. നിലവിൽ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന സുരക്ഷ മെഡിക്കൽ വിദ്യാർഥികൾക്കും നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.
മുമ്പ് ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായ സാഹചര്യങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് ഹൈകോടതി സർക്കാറിന് ശക്തമായ താക്കീത് നൽകിയിരുന്നു. സർക്കാർ നൽകിയ ഉറപ്പിനെ തുടർന്ന് ഹൈകോടതി തുടർനടപടി അവസാനിപ്പിച്ചിരുന്നു. അക്രമം തടയൽ നിയമത്തിൽ നിയമനിർമാണം കൊണ്ടു വരുകയോ ഭേദഗതി കൊണ്ടു വരുകയോ ചെയ്യുമെന്നാണ് സർക്കാർ അന്ന് കോടതിക്ക് നൽകിയിരുന്ന ഉറപ്പ്. എന്നാൽ, ഉറപ്പ് സർക്കാർ നടപ്പാക്കിയില്ലെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ ഡോക്ടറെയാണ് പൊലീസ് മെഡിക്കൽ പരിശോധനക്കെത്തിച്ച അടിപിടിക്കേസിലെ പ്രതി കുത്തി കൊലപ്പെടുത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശി വന്ദന മേനോൻ (22) ആണ് മരിച്ചത്. കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ്.
ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു ദാരുണമായ സംഭവം. അടിപിടിക്കേസിൽ പിടിയിലായ സന്ദീപിനെ വൈദ്യപരിശോധനക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അക്രമാസക്തനായ പ്രതി ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തുകയായിരുന്നു. കഴുത്തിലും മുഖത്തുമാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.