തെരുവുനായ്ക്കളെയും ഭക്ഷണം നൽകുന്നവരെയും ഉപദ്രവിച്ചാൽ പൊലീസ് നടപടിയെടുക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: തെരുവുനായ്ക്കളടക്കം മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് സർക്കാർ സൗജന്യമായി അടിയന്തര ചികിത്സയൊരുക്കണമെന്ന് ഹൈകോടതി. തെരുവുനായ്ക്കളെയും ഇവക്ക് ഭക്ഷണം നൽകുന്നവരെയും ഉപദ്രവിക്കുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കണം. തെരുവുനായ് ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. നടപടി വൈകുന്നതിനാലാണ് ജനങ്ങൾ നിയമം കൈയിലെടുത്ത് അവയെ കൊന്നൊടുക്കുകയും ആക്രമിക്കുകയും ചെയ്യുന്നത്. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ പരിഗണനയിലുള്ള സ്വമേധയാ ഹരജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവും നിരീക്ഷണവുമുണ്ടായത്.
കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവെ, തെരുവുനായ്ക്കളെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി ഡി.ജി.പി സർക്കുലർ പുറപ്പെടുവിക്കാൻ നിർദേശിച്ചിരുന്നു. ഈ സർക്കുലർ സർക്കാർ ഹാജരാക്കി.
പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ ഈ സർക്കുലർ പ്രകാരം നടപടിയെടുക്കണമെന്ന് കോടതി നിർദേശിച്ചു. പേവിഷബാധ സംശയിക്കുന്നവയെ ശാസ്ത്രീയമാർഗങ്ങൾ ഉപയോഗിച്ച് പിടികൂടി മാറ്റി പാർപ്പിക്കണം. മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും സൗജന്യ ചികിത്സ ഉറപ്പാക്കുന്നത് നഷ്ടപരിഹാരം തേടാൻ തടസ്സമാകില്ല. തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ആഴ്ചതോറും വിലയിരുത്തുമെന്നും കോടതി വ്യക്തമാക്കി. തെരുവുനായ്ക്കളുടെ വന്ധ്യകരണത്തിനുള്ള എ.ബി.സി പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാറിനെ സഹായിക്കാനാകുമോയെന്ന് ഡിവിഷൻ ബെഞ്ച് കേന്ദ്ര മൃഗക്ഷേമ ബോർഡിനോട് ആരാഞ്ഞു. തുടർന്ന് ഹരജി വീണ്ടും സെപ്റ്റംബർ 23ന് പരിഗണിക്കാൻ മാറ്റി.
അതേസമയം, വളർത്തുനായ്ക്കളുടെ വാക്സിനേഷൻ തുടങ്ങിയതായും തെരുവുനായ്ക്കളുടേത് സെപ്റ്റംബർ 20ന് തുടങ്ങുമെന്നും വ്യക്തമാക്കി മൃഗക്ഷേമ ഡയറക്ടർ റിപ്പോർട്ട് നൽകി. 170 ഹോട്ട് സ്പോട്ടുകൾ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. നായ്ക്കളെ പുനരധിവസിപ്പിക്കാൻ അഭയകേന്ദ്രങ്ങൾ സ്ഥാപിക്കും. എ.ബി.സി പദ്ധതി കാര്യക്ഷമമായി നടപ്പാക്കും. പൊതുസ്ഥലത്തെ മാലിന്യനീക്കത്തിന് നടപടിയെടുക്കും. കടിയേറ്റാൽ സ്വീകരിക്കേണ്ട മാർഗങ്ങൾ സംബന്ധിച്ച് ബോധവത്കരണം നടത്തും. സേവനങ്ങൾ ലഭ്യമാക്കാൻ ടോൾഫ്രീ നമ്പർ ഏർപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.