കുത്തനെ ചരിവുള്ള മലയിലെ മണ്ണ് നീക്കം വിലക്കി ഹൈകോടതി
text_fieldsകൊച്ചി: കുത്തനെ ചരിവുള്ള മല മേഖലയിൽ നിന്നുള്ള മണ്ണ് നീക്കം വിലക്കി ഹൈകോടതി. ഖനന നിയമത്തിലെ വ്യവസ്ഥ ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി എസ്. ഉണ്ണികൃഷ്ണൻ നൽകിയ ഹരജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവ്.
ഹരജിയിൽ തീർപാകുന്നത് വരെയാണ് വിലക്ക്. കെട്ടിട നിർമാണത്തിനടക്കം കുത്തനെ ചരിവുള്ള മലമ്പ്രദേശങ്ങളിൽ നിന്ന് മണ്ണെടുക്കുന്നത് നിർത്താൻ നിർദേശം നൽകി ജിയോളജി ഡയറക്ടർ ഉത്തരവിറക്കണമെന്നും കോടതി നിർദേശിച്ചു.
മണ്ണെടുക്കാൻ ഏത് ഏജൻസിക്കും അനുമതി നൽകാമെന്ന വ്യവസ്ഥ റദ്ദാക്കണമെന്നും ഐ.ഐ.ടി പോലുള്ള ഏജൻസികൾക്ക് മാത്രമേ ഖനനാനുമതി നൽകാൻ അധികാരം നൽകാവൂ എന്നുമാണ് ഹരജിയിലെ ആവശ്യം. മൂന്നാറടക്കം മലയോര മേഖലകളിലെ ഏറ്റവും വലിയ പ്രശ്നം നിയന്ത്രണമില്ലാത്ത മണ്ണ് നീക്കലാണെന്ന് കോടതി നിരീക്ഷിച്ചു.
പ്രദേശത്ത് സാധ്യമാകുന്നതാണോ, ഭൂമിക്ക് താങ്ങാനാവുമോ തുടങ്ങിയ പഠനങ്ങളൊന്നും നടത്താതെയാണ് മൂന്നാറിലടക്കം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഒരു ചെറിയ കുലുക്കമുണ്ടായാൽ ചീട്ടു കൊട്ടാരംപോലെ എല്ലാം തകർന്നു വീഴുന്ന സ്ഥിതിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹരജിയിൽ സർക്കാറിന്‍റെ വിശദീകരണം തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.