കണ്ണൂർ സർവകലാശാല: എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈകോടതി തടഞ്ഞു
text_fieldsകൊച്ചി: കണ്ണൂർ സർവകലാശാല അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിൽ എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈകോടതി തടഞ്ഞു. എച്ച്.ആർ.ഡി സെന്‍റർ അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിൽ മെയ് ഏഴു വരെ സ്ഥിരം നിയമനം പാടില്ലെന്ന് ഹൈകോടതി ഉത്തരവിട്ടു.
ഷംസീറിന്‍റെ ഭാര്യ ഡോ. സഹ് ല അടക്കം 30 പേരെയാണ് അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിൽ പരിഗണിക്കുന്നത്. മാനദണ്ഡം മറികടന്ന് നിയമിക്കാൻ നിക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി നടപടി.
2020 ജൂണ്‍ 30നാണ് കണ്ണൂർ സർവകലാശാല അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന വിഭാഗമായ എച്ച്.ആര്‍.ഡി സെന്‍ററില്‍ അസിസ്റ്റന്‍റ് പ്രഫസർ നിയമനത്തിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നത്. അഭിമുഖത്തിന് ഏപ്രിൽ 16ന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഒമ്പതാം തീയതിയാണ് ഉദ്യോഗാർഥികള്‍ക്ക് കത്ത് ലഭിച്ചത്.
മറ്റ് സർവകലാശാകളിൽ യു.ജി.സിയുടെ ഇത്തരം എച്ച്.ആര്‍.ഡി സെന്‍ററുകളുണ്ട്. അവിടെ ഡയറക്ടര്‍, ജോയിന്‍റ് ഡയറക്ടര്‍ എന്നീ രണ്ട് തസ്തികകള്‍ മാത്രമാണുള്ളത്. അത്തരം തസ്തികളിലേക്കുള്ള നിയമനം സാധാരണ ഡെപ്യൂട്ടേഷന്‍ വഴിയാണ് നടക്കാറുള്ളത്. എന്നാൽ, അസിസ്റ്റ് പ്രഫസർ എന്ന തസ്തികയില്ല. മറ്റ് സർവകലാശാലകളിലില്ലാത്ത ഒരു തസ്തിക കഴിഞ്ഞ വർഷം അനുവദിച്ച് അതിലേക്ക് അഭിമുഖത്തിന് അപേക്ഷ ക്ഷണിക്കുകയാണ് കണ്ണൂർ സർവകലാശാല ചെയ്തത്.
കൂടാതെ, ഒരു തസ്തികയാണ് നിലവിലുള്ളത്. ഇതിലേക്ക് 30 ഉദ്യോഗാർഥികളെയാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരു തസ്തികയിലേക്ക് 10 പേരെ ഉൾപ്പെടുത്തിയാണ് സാധാരണ ഇത്തരം നിയമനങ്ങളില്‍ ചുരുക്കപ്പട്ടിക തയാറാക്കാറുള്ളത്. യോഗ്യതാ റാങ്കില്‍ താഴെയുള്ള സഹ്‍ലയെ കൂടി ഉള്‍പ്പെടുത്താനാണ് ചുരുക്കപ്പട്ടികയിൽ 30 പേരെ ഉൾപ്പെടുത്തിയതെന്നാണ് ഉദ്യോഗാർഥികള്‍ ആരോപിക്കുന്നത്.
ഡയറക്ടര്‍ തസ്തികയിൽ നിയമനം നടത്താതെയാണ് അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിൽ നിയമനം നടത്തുന്നതെന്നും ആരോപണമുണ്ട്. നിയമനം നിർത്തിവെക്കണമെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ ഗവർണർക്ക് പരാതി നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.