കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ഹൈകോടതി റദ്ദാക്കി. ചാൻസലറായ ഗവർണറുടെ അനുമതിയില്ലാതെ സർവകലാശാല ചട്ടങ്ങൾ ലംഘിച്ചെന്ന പരാതിയിലാണ് ഹൈകോടതി ഉത്തരവ്. അംഗങ്ങളുടെ നിയമനം ശരിവെച്ചുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം സംബന്ധിച്ച ആഗസ്റ്റ് 11ലെ രജിസ്ട്രാറുടെ വിജ്ഞാപനം ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെനറ്റ് അംഗം വി. വിജയകുമാർ, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. നേരത്തേ സിംഗിൾബെഞ്ച് ഇതേ ഹരജി ഫയലിൽ സ്വീകരിക്കാതെ തള്ളിയിരുന്നു.
സർവകലാശാലയിലെ 72 ബോർഡുകളാണ് പുനഃസംഘടിപ്പിച്ചത്. സർക്കാർ, എയ്ഡഡ് കോളജുകളിലെ മുതിർന്ന അധ്യാപകരെ ഒഴിവാക്കി യു.ജി.സി യോഗ്യതകളില്ലാത്ത സ്വാശ്രയ കോളജ് അധ്യാപകരെയും കരാർ അധ്യാപകരെയും ഉൾപ്പെടുത്തിയതടക്കം ആരോപിച്ചാണ് ഹരജി. ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനെയും അംഗങ്ങളെയും നിയമപ്രകാരം നാമനിർദേശം ചെയ്യേണ്ടത് ചാൻസലറും നിയമനാധികാരം സൻഡിക്കേറ്റിനും ആണെന്ന് വ്യക്തമാക്കി ഗവർണർ ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടന പ്രഥമദൃഷ്ട്യാ നിയമാനുസൃതമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു. സർവകലാശാല ആക്ടിലെ വ്യവസ്ഥകൾ പാലിക്കാതെയാണ് നിയമനം. ചാൻസലർ നാമനിർദേശം ചെയ്യുന്നവരെയാണ് ബോർഡ് ഓഫ് സ്റ്റഡീസിലേക്ക് സിൻഡിക്കേറ്റ് നിയമിക്കേണ്ടതെന്ന വ്യവസ്ഥയടക്കം പാലിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.