സിനിമ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ നിർബന്ധമാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: വനിത ജീവനക്കാർക്കെതിരായ ലൈംഗികാതിക്രമ പരാതികൾ പരിഗണിക്കാൻ സിനിമ നിർമാണ യൂനിറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപവത്കരിക്കണമെന്ന് ഹൈകോടതി. നടീനടന്മാരും മറ്റു തൊഴിലാളികളും ഉൾപ്പെട്ട സിനിമ നിർമാണ യൂനിറ്റിനെ ഒരു സ്ഥാപനമായി കണക്കാക്കാമെന്നും പത്ത് തൊഴിലാളികളിൽ കൂടുതലുണ്ടെങ്കിൽ ഈ യൂനിറ്റിൽ പരാതി പരിഹാര സമിതി വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
പ്രൊഡക്ഷൻ യൂനിറ്റാണ് ഒരു സിനിമയുടെ തൊഴിലിടമെന്നാണ് കോടതിയുടെ വിലയിരുത്തൽ. നടിമാരടക്കം ഈ മേഖലയിലുള്ള സ്ത്രീകൾക്ക് ആത്മവിശ്വാസം പകരാനും സിനിമ വ്യവസായ മേഖലയിലുള്ള സ്ത്രീകളുടെ അന്തസ്സ്, ജീവിക്കാനുള്ള അവകാശം, വ്യക്തി സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കാനും സംവിധാനം സഹായകമാവുമെന്നും ഉത്തരവിൽ പറയുന്നു. സിനിമ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സമിതികൾ വേണമെന്നാവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കലക്ടിവ് ഉൾപ്പെടെ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
താര സംഘടനയായ അമ്മ, വിവിധ സിനിമ ടെക്നീഷ്യന്മാരുടെ സംഘടനയായ ഫെഫ്ക, കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയവയെ എതിർ കക്ഷികളാക്കിയാണ് ഹരജികൾ. ഈ സംഘടനകളിൽ സമിതികൾ വേണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. തൊഴിലുടമ -തൊഴിലാളി ബന്ധമല്ല തങ്ങൾക്ക് അംഗങ്ങളുമായുള്ളതെന്നും അതിനാൽ, ഈ സംവിധാനം വേണ്ടതില്ലെന്നും സംഘടനകൾ വാദിച്ചെങ്കിലും സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് താരസംഘടനയായ അമ്മ അറിയിച്ചു. ഇതു രേഖപ്പെടുത്തിയ കോടതി സമിതിയംഗങ്ങളുടെ പേര് വിവരം വിജ്ഞാപനം ചെയ്യാൻ നിർദേശിച്ചു.
എതിർകക്ഷികളായ സംഘടനകളിൽ ഓഫിസ് കൈകാര്യത്തിന് സ്ത്രീ തൊഴിലാളികളടക്കം പത്തിലേറെ തൊഴിലാളികളുണ്ടെങ്കിൽ സമിതി രൂപവത്കരിക്കണം. സിനിമ സംഘടനകൾ അഭിനേതാക്കൾ ഉൾപ്പെടെയുള്ളവരുടെ തൊഴിലുടമയല്ലെങ്കിലും ഇവ സ്ഥാപനമായി പ്രവർത്തിക്കുകയും സ്ത്രീകളടക്കം പത്തിലേറെ തൊഴിലാളികളുണ്ടാവുകയും ചെയ്താൽ സമിതി രൂപവത്കരിക്കാൻ ബാധ്യതയുണ്ട്. സിനിമ വ്യവസായവുമായി ബന്ധമുള്ള സംഘടനകളിൽ സ്ത്രീകൾ ഉൾപ്പെടെ പത്തിൽ താഴെ ജീവനക്കാരാണ് ഉള്ളതെങ്കിൽ പ്രാദേശിക പരാതി സമിതികൾക്ക് പരാതി നൽകാം. അമ്മ, ഫെഫ്ക, കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോ. തുടങ്ങി സിനിമ സംഘടനകൾക്ക് സ്ത്രീ തൊഴിലാളികളുടെ പരാതി പരിഗണിക്കാൻ സംയുക്ത സമിതിയെ നിയോഗിക്കാമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.