വളർത്തുമൃഗങ്ങൾക്ക് ഉടമകൾ ആറുമാസത്തിനകം ലൈസൻസ് എടുക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: വളർത്തുമൃഗങ്ങളുെടയും കന്നുകാലികളുെടയും ഉടമകൾ ആറുമാസത്തിനകം തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ലൈസൻസ് എടുക്കണമെന്ന് ഹൈകോടതി. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്ത് വേണം ലൈസൻസ് എടുക്കാൻ.
ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങൾ ഉടൻ നോട്ടീസ് പുറപ്പെടുവിക്കാൻ സർക്കാർ നിർദേശം നൽകണം. ഇനി വളർത്തുമൃഗങ്ങളെ വാങ്ങുന്നവർ മൂന്നുമാസത്തിനകം ലൈസൻസ് എടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരണം. ഇതിന് ആവശ്യമെങ്കിൽ ൈലസൻസ് ഫീസ് ഏർപ്പെടുത്താമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. മൃഗസംരക്ഷണ കേന്ദ്രവും അനുബന്ധ സൗകര്യവുമൊരുക്കാൻ സാധ്യമാണോയെന്ന് പരിശോധിക്കാനും നിർദേശിച്ചു. വിഴിഞ്ഞം അടിമലത്തുറ കടപ്പുറത്ത് വളർത്തുനായെ ചൂണ്ടയിൽ കെട്ടിത്തൂക്കി അടിച്ചുകൊന്നശേഷം പുഴയിലെറിഞ്ഞ സംഭവത്തിൽ കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
വിഴിഞ്ഞത്ത് കൊല്ലപ്പെട്ട ബ്രൂണോയെന്ന വളർത്തുനായുടെ ഉടമസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി അമിക്കസ് ക്യൂറി അറിയിച്ചു. ഇതെന്തിനെന്ന് വ്യക്തമാക്കി വിശദീകരണം നൽകാൻ കോടതി പ്രോസിക്യൂഷൻ ഡയറക്ടർക്ക് നിർദേശം നൽകി. വളർത്തു നായെ െകാലപ്പെടുത്തിയത് സംബന്ധിച്ച ഹരജി പരിഗണിച്ചുകൊണ്ടിരിക്കെ ഉടമകൾക്കെതിരെ നടപടിയെടുത്തത് ഗൗരവമുള്ള വിഷയമാണ്. ഇത് സമ്മർദ തന്ത്രത്തിെൻറ ഭാഗമാണോയെന്നും സർക്കാറിനോട് ആരാഞ്ഞു.
ഇതിനിടെ, തെരുവുനായ്ക്കൾക്ക് വെള്ളവും ഭക്ഷണവും ലഭ്യമാകുന്ന സാഹചര്യമുണ്ടാക്കരുതെന്ന് പോസ്റ്റർ പ്രചാരണം നടത്തിയ മൃഗസംരക്ഷണ വകുപ്പിനെയും കോടതി വിമർശിച്ചു. ഇത്തരത്തിൽ പോസ്റ്റർ പതിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്നും പോസ്റ്ററുകൾ ഉടൻ നീക്കണമെന്നും കോടതി നിർദേശിച്ചു. പ്രവർത്തിക്കാൻ കഴിയുന്ന കുറച്ചുപേരെ ഉൾപ്പെടുത്തിയാകണം മൃഗക്ഷേമ ബോർഡ് പുനഃസംഘടിപ്പിക്കേണ്ടതെന്നും വ്യക്തമാക്കി. ബോർഡ് രണ്ടാഴ്ചക്കകം പുനഃസംഘടിപ്പിക്കുമെന്ന് അഡീ. അഡ്വക്കറ്റ് ജനറൽ അറിയിച്ചു.
മൃഗക്ഷേമ ബോർഡ് പുനഃസംഘടിപ്പിക്കാൻ സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങളുണ്ടെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ അറിയിച്ചു. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ ഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റി. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് ജില്ലകൾതോറുമുള്ള സംവിധാനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ആംബുലൻസ് സൗകര്യം എന്നിവ വ്യക്തമാക്കി സർക്കാർ മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.