ചികിത്സക്കെത്തി കേസിൽപെട്ട പാക് സഹോദരങ്ങൾക്ക് പൊലീസ് ക്ലിയറൻസ് നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ചികിത്സക്ക് േകരളത്തിലെത്തിയ ശേഷം കേസിൽ കുടുക്കിയതിനെത്തുടർന്ന് മടക്കയാത്ര തടസ്സപ്പെട്ട രണ്ട് പാക് സഹോദരന്മാർക്ക് മൂന്നുദിവസത്തിനകം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ഹൈകോടതി. മതിയായ രേഖകളുമായി എത്തിയ ഇവർക്കെതിരെ വിദേശ നിയമപ്രകാരം തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസും ജസ്റ്റിസ് കെ. ഹരിപാൽ റദ്ദാക്കി. ഹരജിക്കാർക്കെതിരെ കേസെടുത്തതിന് ന്യായീകരണമില്ലെന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച് വിദേശപൗരന്മാർ ഉൾപ്പെട്ട വിഷയങ്ങളിൽ ഉദ്യോഗസ്ഥർ കൂടുതൽ ഉത്തരവാദിത്തവും ജാഗ്രതയും കാണിക്കണമെന്നും ചൂണ്ടിക്കാട്ടി.
സിംഗിൾ എൻട്രി മെഡിക്കൽ വിസയിൽ 2021 ആഗസ്റ്റ് 18ന് ഇന്ത്യയിലെത്തിയ ഇമ്രാൻ മുഹമ്മദ്, സഹോദരൻ അലി അസ്ഗർ എന്നിവെര ചികിത്സക്കുശേഷം മടങ്ങിപ്പോകാനിരിക്കെ കേസിൽ കുടുക്കിയെന്നായിരുന്നു ഹരജിയിലെ ആരോപണം. എറണാകുളം വാഴക്കാലയിലെ ആമ്രി റിഹാബ് ഇൻറർനാഷനലിൽ അഡ്മിറ്റായി ചികിത്സ തുടങ്ങിയ വിവരം എറണാകുളം സ്പെഷൽ ബ്രാഞ്ച് പൊലീസിൽ അറിയിക്കുകയും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥിരമായി നിരീക്ഷണത്തിനെത്തുകയും ചെയ്തിരുന്നതാണ്. സെപ്റ്റംബർ 19ന് ചികിത്സ അവസാനിച്ച വിവരവും അറിയിച്ചിട്ടുണ്ട്.
പിറ്റേ ദിവസം ഷാർജ വഴി ലാഹോറിലേക്ക് മടങ്ങാൻ ചെന്നൈ എയർപോർട്ടിലെത്തിയെങ്കിലും പൊലീസിെൻറ ക്ലിയറൻസ് സർട്ടിഫിക്കറ്റില്ലെന്ന കാരണത്താൽ മടങ്ങിപ്പോകാൻ അനുവദിച്ചില്ല. തുടർന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് ആശുപത്രി അധികൃതർ മുഖേന അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ, നിയമവിരുദ്ധമായി ഇന്ത്യയിൽ താമസിച്ചെന്നാരോപിച്ച് വിദേശനിയമ പ്രകാരം തൃക്കാക്കര പൊലീസ് കേസെടുക്കുകയായിരുന്നെന്നാണ് ആരോപണം.
അന്വേഷണം പൂർത്തിയാക്കാതെ കേസിലെ തുടർ നടപടി അവസാനിപ്പിക്കാനാവില്ലെന്നായിരുന്നു സർക്കാറിെൻറ വാദം. മതിയായ രേഖകളുമായാണ് ഹരജിക്കാർ ഇന്ത്യയിലെത്തിയതെന്നും ഇവർ എത്തിയ വിവരം പൊലീസിൽ അറിയിച്ചിരുന്നെന്നും കോടതി വിലയിരുത്തി.
ഇവർ ചികിത്സക്കെത്തിയ വിവരം മറച്ചുവെച്ചതായോ വിസ നിയമങ്ങൾ ലംഘിച്ചതായോ രാജ്യസുരക്ഷക്ക് ഭീഷണിയുണ്ടെന്നോ പൊലീസിന് പരാതിയില്ല. എന്നിട്ടും കേസെടുത്തത് എന്തിനെന്ന് വിശദീകരിക്കാൻ പൊലീസിന് കഴിഞ്ഞില്ല.
ഈ സാഹചര്യത്തിൽ കേസ് നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.