സ്വപ്നയുടെ സാമ്പത്തിക ഇടപാടുകൾക്ക് കൂട്ടുനിന്നെന്ന കണ്ടെത്തൽ തള്ളാതെ ഹൈകോടതി
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിെൻറ സാമ്പത്തിക ഇടപാടുകൾക്ക് കൂട്ടുനിെന്നന്ന അന്വേഷണസംഘത്തിെൻറ കണ്ടെത്തൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിെൻറ മുൻകൂർജാമ്യം ഇല്ലാതാക്കി.
സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥനെന്ന നിലയിൽ ഔദ്യോഗിക ചുമതലകളുടെ ഭാഗമായി ഉണ്ടാകാവുന്ന ബന്ധത്തിനപ്പുറം സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി പ്രവർത്തിക്കേണ്ട ആവശ്യം ശിവശങ്കറിനില്ലെന്ന നിരീക്ഷണത്തോടെയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസുകളിൽ മുൻകൂർജാമ്യ ഹരജികൾ ഹൈകോടതി തള്ളിയത്.
പ്രതിയാണോ സാക്ഷിയാണോയെന്ന കാര്യത്തിൽ അന്തിമനിഗമനത്തിൽ എത്തിയിട്ടില്ലെങ്കിലും സ്വപ്നക്കൊപ്പം കള്ളപ്പണം വെളുപ്പിക്കൽ ഇടപാടിൽ ശിവശങ്കറിന് ബന്ധമുണ്ടാകാനുള്ള സുചനകൾ ഇ.ഡി നൽകിയിട്ടുണ്ടെന്നും കള്ളക്കടത്തിൽ ഹരജിക്കാരന് പങ്കുണ്ടോയെന്നറിയാൻ കസ്റ്റംസിെൻറ അന്വേഷണത്തിൽ ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയ ജസ്റ്റിസ് അശോക് മേനോൻ, രണ്ട് ജാമ്യഹരജികളും തള്ളുകയായിരുന്നു.
സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലും ഇ.ഡിക്ക് നൽകിയ മൊഴികൾ പണം വെളുപ്പിക്കൽ ഇടപാടിലെ ശിവശങ്കറിെൻറ പങ്കാളിത്തത്തിെൻറ സൂചനകൾ നൽകുന്നുണ്ട്. സ്വപ്നക്ക് ഷാർജ ഭരണാധികാരി നൽകിയ സമ്മാനത്തുക കൈകാര്യം ചെയ്യുന്നതിൽ സഹായംതേടിയാണ് വേണുഗോപാലിനെ പരിചയപ്പെടുത്തി കൊടുത്തതെന്നായിരുന്നു ശിവശങ്കറിെൻറ വാദം.
എന്നാൽ, ശിവശങ്കറിെൻറ നിർദേശപ്രകാരമാണ് വേണുേഗാപാലും സ്വപ്നയും ചേർന്ന് ബാങ്കിൽ ജോയൻറ് ലോക്കർ തുടങ്ങിയതെന്നാണ് ഇരുവരുടെയും മൊഴി. ശിവശങ്കറാണ് സ്വപ്നയുടെ സാമ്പത്തിക ഇടപാടുകൾക്ക് മേൽനോട്ടം വഹിച്ചിരുന്നെതന്ന സൂചനയാണ് ഹരജിക്കാരനും വേണുഗോപാലും തമ്മിലുള്ള സംഭാഷണത്തിൽനിന്ന് വ്യക്തമാകുന്നത്.
നിലവിലെ തെളിവുകൾവെച്ച് കുറ്റകൃത്യത്തിൽ പങ്കാളിത്തം സ്ഥാപിക്കാനോ പ്രതിയാക്കാനോ കഴിയില്ലെങ്കിലും ചോദ്യംചെയ്യലിന് ആവശ്യമായ തെളിവുകൾ അന്വേഷണ ഏജൻസികളുടെ പക്കലുണ്ട്.
സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥനെന്ന നിലയിൽ അന്വേഷണവുമായി സഹകരിക്കാൻ ഹരജിക്കാരൻ ബാധ്യസ്ഥനാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഒട്ടേറെ ആരോപണങ്ങൾ അന്വേഷണഘട്ടത്തിൽ കടന്നുവരാം. ഹരജിക്കാരനെ വിളിച്ചുവരുത്താനും രേഖകൾ ആവശ്യപ്പെടാനും തിരച്ചിൽ നടത്താനും ആവശ്യമെങ്കിൽ തെളിവുകൾ പിടിച്ചെടുക്കാനും ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യത്തിെൻറ ഗൗരവം കണക്കിലെടുത്താൽ മുൻകൂർ ജാമ്യത്തിന് അർഹതയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇ.ഡി കേസിൽ ജാമ്യം തള്ളുകയായിരുന്നു.
സാമ്പത്തിക കുറ്റകൃത്യങ്ങൾ ഗൗരവത്തോടെ കാണണമെന്നുള്ള പി. ചിദംബരം കേസിലെ സുപ്രീംകോടതി ഉത്തരവ് ഉദ്ധരിച്ച കോടതി, ചോദ്യംചെയ്യാനുള്ള കസ്റ്റംസ് അധികൃതരുടെ അധികാരത്തെ തടയാനാവില്ലെന്ന് വ്യക്തമാക്കിയാണ് കസ്റ്റംസ് കേസിലെ മുൻകൂർ ജാമ്യഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.